ഗോവധ നിരോധന നിയമ ഭേദഗതി: പിന്നിൽ സാമ്പത്തിക കാര്യങ്ങളെന്ന് കോൺഗ്രസ്
text_fieldsബംഗളൂരു: ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യുന്നതിന് പിന്നിൽ സാമ്പത്തികകാര്യങ്ങളുമുണ്ടെന്ന് കോൺഗ്രസ്. ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധമുയർത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കിയതിന് പിന്നാലെയാണ് പാർട്ടി ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്. രാഷ്ട്രീയകാരണങ്ങൾ മാത്രമല്ല നിയമം ഭേദഗതി ചെയ്യുന്നതിന് പിന്നിലുള്ളതെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്ന പിന്തിരിപ്പൻ നയമാണ് തിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോവധ നിരോധന നിയമത്തിൽ കർഷകരോ വ്യവസായികളോ സന്തുഷ്ടരല്ല. ആർ.എസ്.എസ് മുന്നോട്ടുവെച്ച അജണ്ടയാണിത്. സാമ്പത്തികമായ കാര്യങ്ങൾ നയത്തിൽ ഭേദഗതി വേണമെന്നാണ് പറയുന്നതെന്നും ഖാർഗെ പറഞ്ഞു.
അടുത്ത നാല് വർഷത്തേക്ക് സംസ്ഥാനത്തെ കന്നുകാലികൾക്ക് തീറ്റ നൽകാനായി ചെലവ് വരിക ഏകദേശം 3,512.32 കോടി രൂപയാണ്. ഇതുകൂടാതെ ഗോശാലകൾ നിർമിക്കാൻ വേറെയും പണം വേണം. ഒരു കന്നുകാലിക്ക് തീറ്റ നൽകാൻ 70 രൂപ മതിയെന്നാണ് അവരുടെ കണക്ക്. ഈ കണക്ക് അവർക്ക് എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല. നിലവിൽ ഒരു കന്നുകാലിക്ക് തീറ്റ കൊടുക്കാൻ 200 രൂപ വരെ ചിലവാകും. ഗോവധ നിരോധന നിയമം മൂലം സർക്കാറിന് ഏകദേശം 5000 കോടിയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇത് ലഘൂകരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിയമത്തിൽ ഭേദഗതിക്ക് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കർണാടക അനുഭവിക്കുന്നത്. ചെലവിനനുസരിച്ച് വരുമാനം സർക്കാറിനുണ്ടാവുന്നില്ല. അടുത്ത രണ്ട് വർഷം ബജറ്റ് കമ്മിയാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.