ട്രെയിനിൽ പുകവലിച്ചതിന് പിഴയീടാക്കി; പ്രതികാരമായി വ്യാജ ബോംബ് ഭീഷണി
text_fieldsബംഗളൂരു: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടർന്ന് ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള കർണാടക എക്സ്പ്രസിലെ യാത്രക്കാർ പരിഭ്രാന്തരായി. ട്രെയിൻ യാത്രക്കിടെ പുകവലിച്ചതിന് യാത്രക്കാരനായ സഹോദരനിൽനിന്ന് ആർ.പി.എഫ് പിഴ ഈടാക്കിയതിൽ പ്രകോപിതനായി ഡൽഹിയിലുള്ള യുവാവാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ അറിയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഡിസംബർ 13ന് രാത്രി 9.15ന് ഡൽഹിയിൽനിന്നും പുറപ്പെട്ട ട്രെയിൻ ബുധനാഴ്ച ഉച്ചക്ക് 1.40 ഒാടെയാണ് ബംഗളൂരുവിലെത്തിയത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ആഗ്രയിലെ റെയിൽവേ സുരക്ഷ സേനക്ക് ഫോൺ കാൾ ലഭിക്കുന്നത്. ഈ സമയം ട്രെയിൻ ആന്ധ്രപ്രദേശിലെ ധർമവാരം സ്േറ്റഷനിൽ എത്തിയിട്ടുണ്ടായിരുന്നു. രാത്രി 11ഒാടെ സ്റ്റേഷനിലെ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് ട്രെയിൻ പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബുധനാഴ്ച പുലർച്ച മൂന്നുവരെ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.
ആഗ്ര സ്റ്റേഷനിൽനിന്നും യാത്രക്കാരിലൊരാളായ യുവാവിൽനിന്നും ട്രെയിനിൽ പുകവലിച്ചതിന് പിഴ ഈടാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ഡൽഹിയിലുള്ള സഹോദരനെ വിളിച്ച് കാര്യം പറഞ്ഞു. ആഗ്ര സ്റ്റേഷനിലേക്ക് വിളിച്ച് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കാൻ സഹോദരനോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
ഫോൺ കാൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലുള്ള സഹോദരനെ പിടികൂടുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. പിന്നീട് കലബുറഗിയിലെ വാഡി ജങ്ഷൻ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യാത്രക്കാരനായ യുവാവിനെയും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.