ആധാർ ഡേറ്റ 22 കമ്പനികൾക്കുകൂടി; ആരുടെയും ആധാർ ഡേറ്റ ഈ കമ്പനികൾക്ക് ലഭിക്കും
text_fieldsന്യൂഡൽഹി: ഇടപാടുകാർ നൽകുന്ന വിവരങ്ങൾ ആധാറിലെ ആധികാരിക വിശദാംശങ്ങളുമായി ഒത്തുനോക്കാൻ 22 സ്വകാര്യ ധനകാര്യ കമ്പനികൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി. സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ പക്കലുള്ള ആരുടെയും ആധാർ ഡേറ്റ ഇതുവഴി ഈ കമ്പനികൾക്ക് ലഭ്യമാകും.
ആമസോൺ പേ-ഇന്ത്യ, ഹീറോ ഫിൻകോർപ്, ടാറ്റ മോട്ടോഴ്സ് ഫിനാൻസ് സൊല്യൂഷൻസ്, ഐ.ഐ.എഫ്.എൽ ഫിനാൻസ്, മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസ്, ഗോദ്റെജ് ഫിനാൻസ്, ആദിത്യ ബിർല ഹൗസിങ് ഫിനാൻസ് തുടങ്ങിയവയാണ് ഈ സ്ഥാപനങ്ങൾ. കള്ളപ്പണ നിരോധന നിയമ പ്രകാരം ഇടപാടുകാരുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നവയാണ് ഈ കമ്പനികൾ.
വിവരങ്ങൾ സാക്ഷ്യപ്പെടുത്താനല്ലാതെ, ബയോമെട്രിക് വിശദാംശങ്ങൾ അടക്കമുള്ള വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ധനകാര്യ സ്ഥാപനങ്ങൾ സൂക്ഷിച്ചുവെക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾക്ക് നിരക്കുന്നതല്ല ഇപ്പോഴത്തെ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുപുറമെ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ടെലികോം കമ്പനികൾ എന്നിവക്കാണ് ആധാറിലെ വ്യക്തിവിവരങ്ങൾ പങ്കുവെക്കാനും സാക്ഷ്യപ്പെടുത്താനും അനുമതി നൽകിയിരുന്നത്. ഭരണ നടപടികൾ, വിജ്ഞാനത്തിനും സമ്പർക്കത്തിനുമുള്ള പ്രോത്സാഹനം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവ മുൻനിർത്തിയാണ് ആധാർ വിവരങ്ങളുടെ പങ്കുവെക്കൽ നടന്നുവന്നത്. കൂടുതൽ പേർക്ക് ആധാർ വിവരങ്ങൾ നൽകുന്നതിന് ചട്ടങ്ങളിൽ മാറ്റം വരുത്തിയത് ഈയിടെയാണ്. വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമെന്ന പേരിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.