ഗുജറാത്തിൽ റാഗിങ്ങിനിടെ എം.ബി.ബി.എസ് വിദ്യാർഥി മരിച്ച സംഭവം; 15 വിദ്യാർഥികൾക്കെതിരെ എഫ്.ഐ.ആർ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ പത്താൻ ജില്ലയിലെ മെഡിക്കൽ കോളജിൽ 18 വയസ്സുള്ള വിദ്യാർഥി റാഗിങ്ങിനെ തുടർന്ന് മരിച്ച സംഭവത്തിൽ 15 വിദ്യാർഥികൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികൾ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളായ അനിൽ മെതാനിയ അടക്കമുള്ള ചില ജൂനിയർമാരെ ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിലധികം ഹോസ്റ്റൽ മുറിയിൽ നിർത്തി മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയരാക്കിയതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ 26 വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.
മനഃപൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതരായ വിദ്യാർഥികളെ അവരുടെ ഹോസ്റ്റലിൽനിന്നും അക്കാദമിക പ്രവർത്തനങ്ങളിൽനിന്നും അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്തതായി പത്താനിലെ ധാർപൂരിലുള്ള ജി.എം.ഇ.ആർ.എസ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അനിൽ മെതാനിയയെ ശനിയാഴ്ച രാത്രി കോളജിലെ ഹോസ്റ്റലിൽ വെച്ച് സീനിയേഴ്സിന്റെ റാഗിങ്ങിനിടെ മൂന്നു മണിക്കൂർ നേരം നിർത്തിയതിനെ തുടർന്ന് ബോധരഹിതനായി മരിക്കുകയായിരുന്നുവെന്ന് കോളേജ് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു.
ബലിസാന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം 15 പ്രതികൾ മെതാനിയയും സഹപാഠികളും ഉൾപ്പെടെ 11 ഒന്നാം വർഷ വിദ്യാർഥികളെ ‘പരിചയപ്പെടലിനായി’ ശനിയാഴ്ച രാത്രി ഹോസ്റ്റൽ മുറിയിലേക്ക് വിളിപ്പിച്ചു. അവർ ജൂനിയർമാരെ മണിക്കൂറോളം നിർത്തി. പാട്ടുപാടാനും നൃത്തം ചെയ്യാനും അധിക്ഷേപകരമായ വാക്കുകൾ ഉച്ചരിക്കാനും മുറിയിൽനിന്ന് പുറത്തിറങ്ങാതിരിക്കാനും നിർബന്ധിച്ചു.
വിദ്യാർഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതോടെ മെതാനിയയുടെ ആരോഗ്യനില വഷളായി. അർധരാത്രിയോടെ ബോധരഹിതനായി വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കോളജ് അഡീഷണൽ ഡീൻ ഡോ. അനിൽ ഭാത്തിജയുടെ പരാതിയിൽ 15 വിദ്യാർഥികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകൾ പ്രകാരം കൊലപാതകം, അന്യായമായി തടങ്കലിൽ വെക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, അശ്ലീല വാക്കുകൾ ഉപയോഗിക്കൽ എന്നിവക്കാണ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.