വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആർ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച മുസ്ലിം ബാലന്‍റെ വ്യക്തിവിവരം പുറത്തുവിട്ടെന്ന് ചൂണ്ടിക്കാട്ടി ആൾട്ട് ന്യൂസ് സഹസ്ഥാകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്.ഐ.ആർ. മുസാഫർനഗർ പൊലീസാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്.
വിഷ്ണുദത്ത് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 74-ാം വകുപ്പ് പ്രകാരമാണ് കേസ്. ഒരു കേസിലെ പ്രതിയോ ഇരയോ ആയ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 24നാണ് മുസ്ലിം വിദ്യാർഥിയെ തന്‍റെ സഹപാഠികൾ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു സംഭവം. തൃപ്ത ത്യാഗി എന്ന അധ്യാപിക വിദ്യാർഥികളോട് മുസ്ലിം ബാലന്‍റെ മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അധ്യാപികയായ ത്യാഗിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323,504 എന്ന വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. നോൺ കോഗ്നിസബിൾ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നതിനാൽ കോടതിയുടെ ഉത്തരവില്ലാതെ കേസിൽ അന്വേഷണം ആരംഭിക്കാനോ വാറന്‍റില്ലാതെ ത്യാഗിയെ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിക്കില്ല.
തന്നെ ലക്ഷ്യമിടുന്നതായി സംശയിക്കുന്നുണ്ടെന്നും മറ്റ് പലരും വീഡിയോ പങ്കുവെച്ചിട്ടും തന്നെ മാത്രമാണ് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുള്ളതെന്നും സുബൈർ പറഞ്ഞിരുന്നതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ മേധാവി പ്രിയങ്ക് കനൂനംഗോ ആവശ്യപ്പെട്ട പ്രകാരം വീഡിയോ നീക്കം ചെയ്തിരുന്നുവെന്നും സംഭവത്തിൽ പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സുബൈർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.