കോൻ ബനേഗാ ക്രോർപതി ചോദ്യത്തിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന്; അമിതാഭ് ബച്ചനെതിരെ കേസ്
text_fieldsമുംബൈ: കോൻ ബനേഗാ ക്രോർപതി ടി.വി പരിപാടിയിൽ മനുസ്മൃതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടൻ അമിതാഭ് ബച്ചനെതിരെ കേസ്. മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ അഭിമന്യു പവാറിന്‍റെ പരാതിയിലാണ് കേസ്. കോൻ ബനേഗാ ക്രോർപതിയുടെ അവതാരകനാണ് ബച്ചൻ. പരിപാടിയുടെ നിർമാതാക്കൾക്കെതിരെയും കേസുണ്ട്.
ഒക്ടോബർ 30ന് സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് പരാതിക്ക് കാരണമായ ചോദ്യം. ആക്ടിവിസ്റ്റ് ബെസ്വാദ വിൽസൺ, നടൻ അനൂപ് സോണി എന്നിവരായിരുന്നു അതിഥികളായി പങ്കെടുത്തത്. 6.40 ലക്ഷം രൂപ സമ്മാനത്തിന്‍റെ ചോദ്യമാണ് ബച്ചൻ ചോദിച്ചത്.
1927 ഡിസംബർ 25ന് ഏത് ഗ്രന്ഥത്തിന്‍റെ പകർപ്പുകളാണ് ഡോ. ബി.ആർ. അംബേദ്കറും അനുയായികളും കത്തിച്ചത് എന്നതായിരുന്നു ചോദ്യം. വിഷ്ണു പുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഉത്തര ഓപ്ഷനുകൾ.
മനുസ്മൃതിയായിരുന്നു ഉത്തരം. ജാതിവിവേചനത്തെയും തൊട്ടുകൂടായ്മയെയും മനുസ്മൃതി ന്യായീകരിക്കുന്നതായി അഭിപ്രായപ്പെട്ടാണ് അംബേദ്കർ ഗ്രന്ഥം കത്തിച്ചതെന്ന ചരിത്രവസ്തുത ബച്ചൻ വിശദീകരിക്കുകയും ചെയ്തിരുന്നു.
ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയായിരുന്നു ചോദ്യത്തിന്‍റെ ലക്ഷ്യമെന്ന് അഭിമന്യു പവാർ പരാതിയിൽ പറയുന്നു. ഉത്തരമായി നൽകിയ നാല് ഓപ്ഷനുകളും ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളെ അവഹേളിക്കാനും ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും തമ്മിലടിപ്പിക്കാനും ശ്രമം നടക്കുന്നതായി എം.എൽ.എ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.