ഇസ്‍ലാം മതത്തിനെതിരെ ആക്ഷേപ പരാമർശം; ബി.ജെ.പി ദേശീയ വക്താവ് നൂപൂർ ശർമ്മക്കെതിരെ കേസ്
text_fieldsമുംബൈ: ഇസ്‍ലാം മതത്തിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപൂർ ശർമ്മക്കെതിരെ കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 295 എ (മതവികാരം വ്രണപ്പെടുത്തൽ), 153 എ (വിദ്വേഷം വളർത്തൽ), 505 ബി എന്നീ വകുപ്പുകൾ പ്രകാരം മുംബൈയിലെ പൈഡോണി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ സുന്നി മുസ്ലിംകളുടെ സംഘടനയായ റാസ അക്കാദമിയുടെ പരാതിയിലാണ് ശർമ്മക്കെതിരെ കേസെടുത്തത്. ഗ്യാൻവാപി വിഷയത്തിൽ ഒരു ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് ശർമ്മയുടെ വിവാദ പരാമർശങ്ങൾ ഉണ്ടായത്. മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നൂപൂർ ശർമ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും അവർ നടത്തി.
ശർമ്മയുടെ പരാമർശത്തിൽ നാഷണൽ കോൺഫറൻസ് (എൻ.സി) ശർമ്മക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ പരാമർശങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നതായി യൂത്ത് നാഷണൽ കോൺഫറൻസിന്റെ പ്രവിശ്യാ പ്രസിഡന്റ് സൽമാൻ അലി സാഗർ പറഞ്ഞു. വർഗീയ വികാരം ആളിക്കത്തിക്കാനായി മുസ്ലീംകളുടെ ഏറ്റവും പവിത്രമായ നാമം ഉപയോഗിക്കുന്ന ഇത്തരം പരാമർശങ്ങൾക്ക് ബി.ജെ.പിയും കേന്ദ്ര സർക്കാരും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാമർശങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് വധഭീഷണി ഉണ്ടെന്ന് നൂപൂർ ശർമ്മ ശനിയാഴ്ച പറഞ്ഞു. 'ഇന്നലെ രാത്രി ഞാൻ നടത്തിയ ഒരു സംവാദത്തിൽ നിന്ന് എഡിറ്റ് ചെയ്തതും തിരഞ്ഞെടുത്തതുമായ വീഡിയോ പുറത്ത് വിട്ട് സമാധാന അന്തരീക്ഷം തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇപ്പോൾ ഞാൻ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിടുന്നുണ്ട്. എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും എന്തെങ്കിലും അപായം സംഭവിച്ചാൽ ആൾട്ട് ന്യൂസിന്റെ ഉടമസ്ഥൻ മുഹമ്മദ് സുബൈർ എന്ന വ്യക്തിക്കാവും ഉത്തരവാദിത്തം' എന്ന് അവർ ട്വീറ്റ് ചെയ്തു.
ബി.ജെ.പി ഡൽഹി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോർച്ചയുടെ ഒരു പ്രമുഖ മുഖവുമാണ് നൂപൂർ ശർമ്മ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.