ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്ന്; ഗുജറാത്തിൽ ഫൈൻ ആർട്സ് വിദ്യാർഥിക്കെതിരെ കേസ്
text_fieldsഅഹമ്മദാബാദ്: ഹിന്ദു ദൈവങ്ങളെയും ദേവതകളെയും ആക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചുവെന്നാരോപിച്ച് ഗുജറാത്ത് സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ്. വഡോദര മഹാരാജ സയാജിറാവു സർവകലാശാലയിലെ ഫൈൻ ആർട്‌സ് വിദ്യാർത്ഥിക്കെതിരെയാണ് കേസെടുത്തത്.
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) പ്രവർത്തകൻ ജയ്‍വിർസിങ് റൗൾജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫൈൻ ആർട്സ് വിദ്യാർഥികൾ നിർമിച്ച ചില കലാസൃഷ്ടികളിൽ ഹിന്ദു ദൈവങ്ങളെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ചില വലതുപക്ഷ പ്രവർത്തകരും എ.ബി.വി.പി അംഗങ്ങളും മേയ് അഞ്ചിന് കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടർന്നാണ് സയാജിഗഞ്ച് പൊലീസ് തിങ്കളാഴ്ച വൈകുന്നേരം കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാനിയമം 295എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 298 (മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ബോധപൂർവ പരാമർശങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ ആർ.ജി. ജഡേജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.