ബി.ജെ.പി നേതാക്കൾ പൊങ്ങച്ചക്കാരും പിടികിട്ടാപ്പുള്ളിയുമെന്ന്; മാധ്യമപ്രവർത്തകനെതിരെ കേസ്
text_fieldsഭോപ്പാൽ: ബി.ജെ.പി നേതാക്കളെ പൊങ്ങച്ചക്കാരൻ, പിടികിട്ടാപ്പുള്ളി എന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയെന്നാരോപിച്ച് മാധ്യമപ്രവർത്തകനെതിരെ കേസ്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ നിന്നുള്ള മുതിർന്ന പത്രപ്രവർത്തകൻ തൻസൻ തിവാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പ്രാദേശിക ബി.ജെ.പി നേതാവും അഭിഭാഷകനുമായ അവദേശ് സിങ് ഭദൗരിയ നൽകിയ പരാതിയിലാണ് ഗോല കാ മന്ദിർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെയ് 22ന് തൻസൻ തിവാരി ആരെയും വ്യക്തിപരമായി പരാമർശിക്കാതെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് പരാതിക്ക് അടിസ്ഥാനം. ‘‘പൊങ്ങച്ചക്കാർ (ഗപ്പു), പിടികിട്ടാപ്പുള്ളികൾ (തടിപർ), ബലാത്സംഗക്കാർ, പ്രകൃതിവിരുദ്ധർ എന്നിവരെ ഒഴിവാക്കിയാൽ ബി.ജെ.പി അതിെൻറ യഥാർത്ഥ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പാർട്ടിയാണ്’’ എന്നായിരുന്നു അദ്ദേഹം എഴുതിയത്.
ഇതിൽ ഗപ്പു എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തടിപർ, ബലാൽകാരി എന്നിവ മറ്റുനേതാക്കളെയും പരോക്ഷമായി ആക്ഷേപിക്കുന്നതാണെന്ന് അവദേശ് സിങ് പരാതിയിൽ പറഞ്ഞു. ഇത് പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുകയും കോടിക്കണക്കിന് അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തിവാരിക്കെതിരെ ഐ.പി.സി 294, 500 വകുപ്പും ഐ.ടി നിയമത്തിലെ 67 വകുപ്പും പ്രകാരമാണ് കേസെടുത്തതെന്ന് ഗോല കാ മന്ദിർ എസ്.ഐ ഹീര സിങ് ചൗഹാൻ പറഞ്ഞു.
അേതസമയം, എഫ്.ഐ.ആർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്വാളിയോർ പ്രസ്ക്ലബ് ഭാരവാഹികൾ മധ്യപ്രദേശ് ഡി.ജി.പിക്ക് കത്ത് നൽകി. കേസെടുത്തത് സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഗ്വാളിയോർ പൊലീസിെൻറ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.