ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിനടുത്തുള്ള സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസെടുത്തു.
ഉച്ചഭക്ഷണത്തിന് ശേഷം 38 വിദ്യാർഥികൾക്ക് തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടു. തുടർന്ന് കൽവ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ഏഴ് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 37 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർ 12 മണിക്കൂർ കൂടി നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.
കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളുടെ പരാതിയിലാണ് കൽവ പൊലീസ് സ്കൂൾ മാനേജ്മെന്‍റിനും ഭക്ഷണം വിതരണം ചെയ്തവർക്കുമെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 125 എഫ്.ഡി.എ നിയന്ത്രണങ്ങൾ എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.