എൽ.ജെ.പി എം.പി പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗ കേസെടുത്ത് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി ലോക്സഭ എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗ കേസെടുത്ത് ഡൽഹി പൊലീസ്. പ്രിൻസ് രാജ് പാസ്വാൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാട്ടി ഡൽഹി കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ മൂന്നുമാസം മുമ്പ് പെൺകുട്ടി പരാതി നൽകിയിരുന്നു. ജൂലൈയിൽ പെൺകുട്ടി ഡൽഹി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡൽഹി കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒമ്പതിന് ഡൽഹി പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.
താനൊരു എൽ.ജെ.പി പ്രവർത്തകയാണെന്നും താൻ ബോധരഹിതയായിരുന്നപ്പോൾ പ്രിൻസ് രാജ് ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. കൂടാതെ പ്രിൻസ് രാജ് പാസ്വാൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ബിഹാർ സമത്സ്തിപൂരിൽനിന്നുള്ള ലോക്സഭ എം.പിയാണ് പ്രിൻസ് രാജ്. പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ പ്രിൻസ് രാജ് പാസ്വാൻ മാനനഷ്ട കേസ് നൽകിയിരുന്നു. കൂടാതെ പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു.
തനിക്കെതിരെ ഉന്നയിക്കെപ്പട്ട ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് പറഞ്ഞ രാജ് പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും പ്രസ്താവന ഇറക്കിയിരുന്നു. കൂടാതെ തന്‍റെ പ്രശസ്തിയെ മുതലെടുത്ത് ഭീഷണിപ്പെടുത്തി വ്യക്തിപരമായി സമ്മർദത്തിലാക്കാനുള്ള വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും രാജ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.