യു.പിയിൽ മസ്ജിദ് തകർത്തതിനെ കുറിച്ച് ഡോക്യുമെൻററി: 'വയർ' വെബ്സൈറ്റിനെതിരെ കേസ്
text_fieldsലഖ്നോ: ഗാസിയാബാദിൽ മുസ്ലിം വയോധികനെ ക്രൂരമായി പീഡിപ്പിക്കുകയും ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേസ് എടുത്തതിനു പിന്നാലെ മാധ്യമങ്ങൾക്കെതിരെ വീണ്ടും വേട്ടയുമായി യു.പി പൊലീസ്. യു.പിയിലെ ബാരബങ്കിയിൽ മസ്ജിദ് തകർത്ത സംഭവത്തെ കുറിച്ച് തയാറാക്കിയ ഡോക്യുമെൻററി കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റർ ഹാൻഡ്ലിൽ ഷെയർ ചെയ്ത 'വയർ' ഓൺലൈൻ വാർത്ത പോർട്ടലിനെതിരെയാണ് കേസ്. ഗാസിയാബാദ് സംഭവത്തിലും 'വയറി'നെതിരെ കേസ് എടുത്തിരുന്നു. 'ശത്രുത വളർത്തലും കലാപ ശ്രമവും' ആരോപിച്ചാണ് കേസ്. മസ്ജിദിലുണ്ടായിരുന്ന വിശുദ്ധ ഗ്രന്ഥം മലിനമാക്കിയെന്നും അഴുക്കുചാലിൽ തള്ളിയെന്നും 'ഡോക്യൂമെൻററി ആരോപിച്ചെന്നും എന്നാൽ, അതൊന്നും സംഭവിച്ചില്ലെന്നും ബാരബങ്കി ജില്ലാ മജിസ്ട്രേറ്റ് ആദർശ് സിങ് പറഞ്ഞു.
'വയർ' മാഗസിനു വേണ്ടി ഡോക്യുമെൻററി തയാറാക്കിയ രണ്ട് മാധ്യമ പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എന്നാൽ, ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും വിവിധ സംഭവങ്ങളിൽ മുമ്പ് യു.പി പൊലീസ് എടുത്ത കേസുകൾ പോലെ ഇതും അടിസ്ഥാന രഹിതമാണെന്നും പോർട്ടൽ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ പറഞ്ഞു.
പള്ളി പൊളിച്ചതിനെതിരെ സുന്നി വഖഫ് ബോർഡ് നൽകിയ ഹരജിയിൽ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം യു.പി സർക്കാറിന് നോട്ടീസ് നൽകിയിരുന്നു. യു.പി സുന്നി വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതായിരുന്നു പൊളിക്കപ്പെട്ട മസ്ജിദ്.
'മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കാത്ത ആദിത്യനാഥ് സർക്കാർ സംസ്ഥാനത്ത് സംഭവിക്കുന്നത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ തൊഴിൽ കുറ്റകരമായി മാറ്റുകയാണ്. യു.പിയിൽ രാഷ്ട്രീയക്കാരും സാമൂഹിക വിരുദ്ധ ശക്തികളും കടുത്ത സാമുദായിക വിദ്വേഷം പരത്തുകയും അതിക്രമം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും സാമുദായിക സൗഹാർദത്തിനോ ക്രമസമാധാനത്തിനോ ഭീഷണിയായി പൊലീസ് കാണുന്നില്ല''- വരദരാജൻ കുറ്റപ്പെടുത്തി.
ഗാസിയാബാദ് അക്രമ സംഭവത്തിൽ 'വയറി'നും മുതിർന്ന മാധ്യമ പ്രവർത്തകരായ റാണ അയ്യൂബ്, സബാ നഖ്വി തുടങ്ങിയവർക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് യു.പി പൊലീസ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.