ഗീലാനിയുടെ മൃതശരീരത്തിൽ പാക് പതാക പുതപ്പിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കേസ്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതശരീരത്തിൽ പാകിസ്താൻ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കേസ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും ഇന്ത്യൻ പീനൽ കോഡും ചുമത്തി കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് ബുദ്ഗാം പൊലീസ് കേസെടുത്തത്. മൃതദേഹം മറവ് ചെയ്യാൻ പൊലീസ് എത്തുന്നതിന് മുമ്പ് ഗീലാനിയുടെ മൃതശരീരത്തിൽ പാക് പതാക പുതപ്പിച്ചതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയതിനാലാണ് മരണവിവരം പുറത്തറിയാതിരുന്നത്. ഒരു കുടുംബത്തിന് അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്തിമ വിടവാങ്ങൽ നൽകാനും അനുവാദമില്ല. ഗീലാനിയുടെ കുടുംബത്തിനെതിരെ യു.എ.പി.എ ചുമത്തിയത് വഴി വ്യക്തമായത് കേന്ദ്ര സർക്കാറിന്റെ നിഷ്കരുണവും ക്രൂരവുമായ നടപടിയാണ്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.
ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പൊലീസ് സംസ്കരിച്ചതായും ബന്ധുക്കൾക്കും അനുയായികൾക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരം പോലും നൽകിയില്ലെന്നും പരാതി ഉയർന്നിരുന്നു. മൃതശരീരം ബലം പ്രയോഗിച്ച് കൊണ്ടു പോയെന്നും അന്ത്യകർമം ചെയ്യാൻ അനുവദിച്ചില്ലെന്നും ഗിലാനിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കശ്മീരിൽ അടച്ച റോഡുകൾ ഇപ്പോഴും പൂർണമായി തുറന്നിട്ടില്ല. മരണവാർത്തയറിഞ്ഞത് മുതൽ കശ്മീരിൽ വിേഛദിച്ച ഇന്റർനെറ്റും മൊബൈൽ ഫോൺ സർവിസും പുനഃസ്ഥാപിച്ചില്ല. ബി.എസ്.എൻ.എല്ലിന്റെ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക് മാത്രം ഇളവനുവദിച്ചിട്ടുണ്ട്.
അസുഖ ബാധയെ തുടർന്ന് ദീർഘകാലമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന 92കാരനായ ഗീലാനി ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്. മൃതശരീരം തൊട്ടടുത്തുള്ള പള്ളി ഖബർസ്ഥാനിൽ കനത്ത പൊലീസ് സുരക്ഷയിൽ മതാചാരപ്രകാരം മറവു ചെയ്യുകയായിരുന്നു. ഗീലാനിയുടെ അഭിലാഷമനുസരിച്ച് 12 കിലോമീറ്റർ അകലെയുള്ള ശ്രീനഗറിലെ ശഹീദെ ഈദ്ഗാഹ് ശ്മശാനത്തിൽ മറവു ചെയ്യാനാണ് കുടുംബം ആഗ്രഹിച്ചിരുന്നതെന്നും ദോറു സോപോറിൽ നിന്നുള്ള ബന്ധുവിന് മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതെന്നും മകൻ നഈം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.