സിർസയിൽ തീപാറും പോരാട്ടം; ഗോദയിൽ രണ്ട് മുൻ കോൺഗ്രസ് പ്രസിഡന്റുമാർ
text_fieldsചണ്ഡിഗഢ്: ഹരിയാനയിലെ സിർസ മണ്ഡലത്തിൽ ഏറ്റുമുട്ടുന്നത് സംസ്‍ഥാന കോൺഗ്രസിനെ നയിച്ച രണ്ടുപേർ. ഒരാൾ, മുൻ കേന്ദ്രമന്ത്രി കുമാരി ഷെൽജ കോൺഗ്രസിനുവേണ്ടി മത്സരിക്കുന്നു; മുൻ എം.പിയും പഴയ ഹരിയാന പി.സി.സി പ്രസിഡന്റുമായ അശോക് തൻവാറാണ് രണ്ടാമത്തേയാൾ. കഴിഞ്ഞതവണ, കോൺഗ്രസിനുവേണ്ടി മത്സരിച്ച അശോക് തൻവാർ ഇക്കുറി ബി.ജെ.പി സ്ഥാനാർഥിയായാണ് കളത്തിലിറങ്ങിയിരിക്കുന്നത്. കർഷക സമരവും പാർട്ടിയിലെ കൂടുമാറ്റവുമെല്ലാം വലിയ ചർച്ചയാകുന്ന സിർസയിൽ തീ പാറും പോരാട്ടമാണ് നടക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരു സ്ഥാനാർഥികളും മുന്നോട്ടുപോകുന്നതിനിടെ, സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ജെ.ജെ.പിയുടെ ചാഞ്ചാട്ടം ബി.ജെ.പി പാളയത്തിൽ ചില്ലറ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സിർസയെ പ്രതിനിധാനംചെയ്ത് ഇരു നേതാക്കളും മുമ്പ് പാർലമെന്റിലെത്തിയിട്ടുണ്ട്. 91ലും 96ലും കുമാരി ഷെൽജ ഈ സംവരണ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2009ൽ, അശോക് തൻവാറും സിർസ വഴി പാർലമെന്റിലെത്തി. പിന്നീട് മണ്ഡലം കോൺഗ്രസിനെ കൈവിട്ടു. 2014ൽ, ഇന്ത്യൻ നാഷനൽ ലോക്ദളും 2019ൽ, ബി.ജെ.പിയും മണ്ഡലം പിടിച്ചെടുത്തു. ഈ രണ്ട് സമയത്തും കോൺഗ്രസ് സ്ഥാനാർഥി അശോക് തൻവാർ തന്നെയായിരുന്നു. 2014-19 കാലത്ത് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായിരുന്ന തൻവാർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പാർട്ടി വിട്ടു. പിന്നീട് തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചു. 2022ൽ, ആം ആദ്മിയിൽ ചേർന്നു. അവിടെനിന്നാണ് ഏതാനും മാസങ്ങൾക്കുമുമ്പ് ബി.ജെ.പിയിലെത്തിയത്. ബി.ജെ.പി സിർസയിൽ ടിക്കറ്റും നൽകി. മൻമോഹൻ മന്ത്രി സഭയിൽ അംഗമായിരുന്ന കുമാരി ഷെൽജ 2004ലും 2009ലും തെരഞ്ഞെടുക്കപ്പെട്ടത് ഹരിയാനയിലെ അംബാലയിൽനിന്നാണ്. 2014ൽ, രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2019ൽ അംബാലയിൽനിന്ന് പരാജയപ്പെട്ടു. 2022ൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ഷെൽജ സിർസയിൽ മത്സരിക്കുമെന്ന് നേരത്തെ ഉറപ്പിച്ചതായിരുന്നു. പഴയ മണ്ഡലത്തിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഷെൽജ പ്രചാരണത്തിലെങ്ങും ശ്രമിക്കുന്നത്.
കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ നേതാവാണ് തൻവാർ. സിർസ, ഫത്തേഹ്ബാദ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തിലെ ഗ്രാമങ്ങൾ കർഷക പ്രക്ഷോഭങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. ഇവിടെ പ്രചാരണത്തിനെത്തിയ തൻവാറിനെയും സംഘത്തെയും കർഷകർ തടഞ്ഞു. ഇതിനുശേഷം, പൊലീസ് സംരക്ഷണയിലാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുന്നത്. ഇതോടൊപ്പം സ്വതന്ത്ര എം.എൽ.എമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും തൻവാറിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. മറുവശത്ത്, മോദി സർക്കാറിന്റെ ഭരണ പരാജയം ചൂണ്ടിക്കാട്ടിയാണ് ഷെൽജയുടെ പ്രചാരണം.
കർഷക ദുരിതം മണ്ഡലത്തിലെ വോട്ടർമാരുടെ സ്വന്തം അനുഭവമായിരിക്കെ, ‘നിങ്ങളിൽ എത്രപേർക്ക് 15 ലക്ഷം രൂപ കിട്ടി’യെന്ന പരിഹാസ ചോദ്യവുമായാണ് അവർ ഓരോ പ്രചാരണ യോഗത്തിലും സംസാരിച്ചു തുടങ്ങുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.