കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; അഞ്ച് മരണം; രണ്ട് പേർക്ക് പരിക്ക്
text_fieldsജയ്പൂർ: രാജസ്ഥാനിലെ ബസി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ തുടർ ചികിത്സകൾക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകുന്നേരം ബസിയിലെ ബൈനാഡയിൽ ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഷാലിമാർ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. റോഡ്, കെട്ടിടം എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയാണിത്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എട്ടോളം തൊഴിലാളികളാണ് ഫാക്ടറിയിൽ പ്രവർത്തിക്കുന്നത്.
ഫാക്ടറിയിൽ നിന്നും തീയും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർ സേഫ്റ്റി സംവിധാനം ഫാക്ടറിയിൽ ഇല്ലെന്ന് ചീഫ് ഫയർ ഓഫീസർ ദേവേന്ദ്രകുമാർ മീണ പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നാലെ ഫാക്ടറി ഉടമ ഒളിവിൽ പോയതായാണ് വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അപകടത്തിന്റെ കാരണം കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.