ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
text_fieldsബംഗളൂരു: ബംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ ഐ.സി.യുവിൽ ചികിത്സയിലിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ (34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മത്തിക്കരയിലെ എം.എസ്. രാമയ്യ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
ഉച്ചക്ക് ഒന്നോടെ ആശുപത്രിയിലെ ഒന്നാം നിലയിൽ ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ (സി.സി.യു) ആണ് തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നത് രോഗികളും കൂട്ടിരിപ്പുകാരുമടക്കമുള്ളവരെ പരിഭ്രാന്തിയിലാക്കി. സി.സി.യുവിലുണ്ടായിരുന്ന 12 രോഗികളെയും ഉടൻ ഒഴിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നും രോഗികൾ സുരക്ഷിതരാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ, അപകടത്തിൽ സുജയിന്റെ ജീവൻ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലമാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാ സേനയുടെ മൂന്നു വാഹനമുൾപ്പെടെ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.