ഹൈകോടതി ജഡ്ജിയുടെ വീട്ടിൽ തീ അണക്കാൻ എത്തിയ ഫയർഫോഴ്സിന് ലഭിച്ചത് കെട്ട് കണക്കിന് പണം
text_fieldsന്യൂഡൽഹി: ജഡ്ജിയുടെ വീട്ടിലുണ്ടായ തീപിടിത്തം അണക്കാനെത്തിയ അഗ്നിശമന വിഭാഗം പണക്കൂമ്പാരം കണ്ടെത്തിയസംഭവം വിവാദമായതിനെ തുടർന്ന് ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയെ സ്ഥലം മാറ്റാൻസുപ്രീംകോടതി ശിപാർശ. അദ്ദേഹത്തിനെതിരെ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു.
ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാനിടയാക്കിയ ഗുരുതര സംഭവത്തിൽ സുപ്രീംകോടതി ജഡ്ജിമാരുടെ അസാധാരണ യോഗം വിളിച്ചുചേർത്താണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നടപടി. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്നും ആഭ്യന്തര അന്വേഷണത്തിന് ശേഷമായിരിക്കും മറ്റു നടപടികളെന്നും കോടതി വൃത്തങ്ങൾ പറഞ്ഞു.
ഹോളി അവധിക്ക് ജഡ്ജിയും കുടുംബവും ഡൽഹി വിട്ടുപോയ സമയത്ത് വീട്ടിലുണ്ടായ തീപിടിത്തം അണക്കാൻ വന്നവരാണ് കണക്കിൽപെടാത്ത പണത്തിന്റെ കൂമ്പാരം കണ്ടെത്തിയത്. ഒരാഴ്ചയോളമായി ഡൽഹിയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയം ജുഡീഷ്യറിയുടെ വിശ്വാസ്യത തകർത്തുവെന്ന വിമർശനമുയർന്നിരുന്നു. ഇതേതുടർന്നാണ് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിമാരുടെ അസാധാരണ യോഗം വിളിച്ചത്.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് ചീഫ് ജസ്റ്റിസിന് സമർപ്പിക്കുമെന്ന് സുപ്രീം കോടതി പി.ആർ.ഒ വ്യക്തമാക്കി. സ്ഥലം മാറ്റത്തിന് ശിപാർശ മാത്രമാണ് നൽകിയതെന്നും അന്തിമ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച പാർലമെന്റിലും
പണക്കൂമ്പാരം കണ്ടെത്തിയ വിഷയം എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വെള്ളിയാഴ്ച രാജ്യസഭയിൽ ഉന്നയിച്ചു. രാവിലെ സഭ തുടങ്ങും മുമ്പ് പ്രതിപക്ഷ എം.പിമാർ ധൻഖറിനെ കണ്ട് വിഷയമുന്നയിക്കുകയും ചെയ്തിരുന്നു. പ്രയാഗ് രാജിൽ വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് അനുമതി തേടിയ നോട്ടീസിൽ നടപടിയില്ലാത്തതും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഇതിൽ നടപടികൾ മുന്നോട്ടുപോകുന്നുണ്ടെന്നും തീരുമാനത്തിന് കാലതാമസമുണ്ടാകില്ലെന്നും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പറഞ്ഞു.
പണം കണ്ടെത്തിയില്ലെന്ന്
കോടതി നടപടിക്കു പിന്നാലെ, വീട്ടിൽ നിന്ന് തങ്ങൾ പണം കണ്ടെത്തിയിട്ടില്ലെന്ന പ്രതികരണവുമായി ഡൽഹി അഗ്നിശമന സേന മേധാവി രംഗത്തുവന്നു. സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും സേന മേധാവി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.