നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ച സംഭവം; യോഗി സർക്കാറിനെതിരെ പ്രതിപക്ഷം
text_fieldsഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ച ദാരുണ സംഭവത്തിൽ യോഗി ആദിത്യനാഥിന്റെ സർക്കാറിനെതിരെ പ്രതിപക്ഷം.
ദുരന്തമുണ്ടായ മഹാറാണി ലക്ഷ്മി ബായി ആശുപത്രിയടക്കമുള്ള ആതുരാലയങ്ങൾ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും പ്രതീകമായി മാറിയെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. ഇത്തരം ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി യു.പിയിൽ ആവർത്തിക്കുന്നത് സർക്കാറിന്റെ അനാസ്ഥയെക്കുറിച്ചുള്ള ഗുരുതര ചോദ്യങ്ങളുയർത്തുന്നുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ജില്ല ആശുപത്രിയിലുള്ള കുട്ടികളെ കാണാൻ അധികൃതർ അനുവദിക്കാതിരുന്നതോടെ രക്ഷിതാക്കൾ കുത്തിയിരിപ്പ് സമരം നടത്തി.
മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജ് ആശുപത്രിയിലെ നിയോനേറ്റൽ ഇന്റൻസിവ് കെയർ യൂനിറ്റിൽ (എൻ.ഐ.സി.യു) വെള്ളിയാഴ്ച രാത്രി 10.45ഓടെയാണ് തീപിടിത്തമുണ്ടായത്. 16 കുഞ്ഞുങ്ങൾ ചികിത്സയിലാണ്. ഇവർക്ക് കാര്യമായ പരിക്കില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. നരേന്ദ്ര സെൻഗാർ പറഞ്ഞു.
നാലും അഞ്ചും ദിവസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഈ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നത്. ആകെ 54 പേരുണ്ടായിരുന്നു. ബാക്കിയുള്ളവരിൽ പലരെയും രക്ഷിതാക്കൾ രക്ഷപ്പെടുത്തി വീടുകളിലെത്തിച്ചിട്ടുണ്ട്. മരിച്ചവരിൽ പലരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, നഴ്സിന്റെ ആശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്നാണ് ഒരു സാക്ഷിയുടെ വെളിപ്പെടുത്തൽ. ഓക്സിജൻ സിലിണ്ടർ കണക്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നഴ്സ് തീപ്പെട്ടി കത്തിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് സാക്ഷിമൊഴി. ഈ വാർഡിലെ തീകെടുത്തൽ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന ആരോപണം സർക്കാർ നിഷേധിച്ചിട്ടുണ്ട്.
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യു.പി സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിതല അന്വേഷണത്തിനും യു.പി സർക്കാർ ഉത്തരവിട്ടു.
ഹൃദയഭേദകമായ സംഭവമാണുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷവും പരിക്കേറ്റവർക്ക് 50000ഉം രൂപ വീതം മോദി സഹായം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.