മുംബൈയിലെ വനമേഖലയിൽ വൻ തീപിടിത്തം; കനത്ത നാശനഷ്ടം
text_fieldsമുംബൈ: വടക്ക്-പടിഞ്ഞാറ് മുംബൈയിലെ വനമേഖലയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ വൻ തീപിടിത്തം. മുംബൈയിലെ ഗുർഗാവിൽ അരൈ കോളനി മേഖലയിലാണ് സംഭവം. ഗോത്രവർഗക്കാർ താമസിക്കുന്ന പ്രദേശനത്തിന് സമീപമാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ശക്തമായി വീശിയടിച്ച കാറ്റ് തീ സമീപ പ്രദേശങ്ങളിലേക്ക് പടരാൻ ഇടയാക്കി. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അപൂർ സസ്യങ്ങളും വന്യമൃഗങ്ങളും അടക്കം വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ നിന്നും തീ പടരുന്നത് കാണാൻ സാധിക്കും. ഗോത്രവർഗക്കാരെയും കന്നുകാലികളെയും അപകടസ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അഗ്നിശമനസേനാ മേധാവി പ്രഭാത് രഹന്ദലെ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ജനറൽ അരുൺ കുമാർ വൈദ്യ മാർഗിലെ ഐ.ടി പാർക്കിന് സമീപത്തെ തുറന്ന് സ്ഥലത്ത് തീപിടിത്തം ആരംഭിച്ചത്. രാത്രിയോടെ ഗുർഗാവിലെ ന്യൂ മദാ കോളനിയിലെ റെഡിഡൻഷ്യൻ മേഖലയിലേക്ക് തീ പടർന്നു. ഏഴരയോടെ നാലു കിലോമീറ്റർ ചുറ്റളവിലേക്ക് തീ വ്യാപിച്ചു.
10 ഫയർ എൻജിനുകൾ സ്ഥലത്തെത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 12 ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് അരൈ കോളനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.