നാമക്കല്ലിൽ പടക്കം പൊട്ടിത്തെറിച്ച് നാലുമരണം; നാലുപേർക്ക് പരിക്ക്
text_fieldsചെന്നൈ: നാമക്കല്ലിന് സമീപം വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ നാലുപേർ മരിച്ചു. നാമക്കൽ മോകന്നൂർ മേട്ടുതെരുവിൽ തില്ലൈകുമാർ (35), ഭാര്യ പ്രിയങ്ക (30), മാതാവ് ശെൽവി (55), അയൽവാസി പെരിയക്ക (72) എന്നിവരാണ് മരിച്ചത്.
പുതുവത്സരാഘോഷ വിൽപനക്കായി ശിവകാശിയിൽനിന്ന് കൊണ്ടുവന്ന പടക്കശേഖരം ഗോഡൗണിലേക്ക് കൊണ്ടുപോകാതെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ച രണ്ടരക്ക് പൊടുന്നനെ തീപിടിക്കുകയായിരുന്നു. പടക്കത്തോടൊപ്പം വീട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ഇതിൽ വീട് പൂർണമായും തകർന്നു. സമീപത്തെ അഞ്ചുവീടുകൾക്കും കേടുപാടുകൾ പറ്റി.
അയൽവാസിയായ പെരിയക്ക (72) പുറത്തേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അലമാരയിൽ സൂക്ഷിച്ചിരുന്ന പണമെടുക്കാൻ വീടിനകത്തേക്ക് വീണ്ടും ഓടിക്കയറിയ സമയം കെട്ടിടം നിലംപൊത്തി. ഇതിൽ പെരിയക്ക തൽക്ഷണം മരണമടഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചാണ് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.
അയൽവാസികളായ കാർത്തികേയൻ (28), അൻപരശൻ (25), ശെന്തിൽ (45), പളനിയമ്മാൾ (60) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോകന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.