സോണിയ മോശമായി പെരുമാറിയത് താൻ ദളിതനായതുകൊണ്ടെന്ന് അശോക് ചൗധരി
text_fieldsപാട്ന: പാർട്ടി പദവിയിൽ നിന്നും മാറ്റി തന്നെ അപമാനിച്ചത് ദളിതനായതുകൊണ്ടാണെന്ന് ബിഹാർ മുൻ സംസ്ഥാന അധ്യക്ഷൻ അശോക് ചൗധരി. ചൊവ്വാഴ്ച രാത്രിയാണ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ചൗധരിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയത്. കോൺഗ്രസിൽ വിമതനീക്കത്തിനു ചുക്കാൻ പിടിച്ചത് അശോക് ചൗധരിയാണെന്ന് ആരോപിച്ചാണ് സ്ഥാനത്തു നിന്ന് മാറ്റിയത്. കോൺഗ്രസിൽ പിളർപ്പിനു ശ്രമിച്ച ചൗധരിയെ സോണിയാ ഗാന്ധി ശകാരിച്ചിരുന്നു.
താൻ രാജിവെക്കാൻ തയാറായിരുന്നു. പാർട്ടി ഹൈകമാൻഡിനെ ഒരിക്കലും എതിർത്തിരുന്നില്ല. അഭിമാനമുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ഉപചാരപൂർവ്വമുള്ള സ്ഥാനമൊഴിയൽ താൻ അർഹിച്ചിരുന്നുവെന്നും ചൗധരി പറഞ്ഞു.
ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാർ ജെ.ഡി.യുവിലേക്കു കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ചൗധരിയെ മാറ്റിയത്. മഹാസഖ്യം സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചൗധരിയാണ് വിമതപക്ഷത്തിനു നേതൃത്വം നൽകിയിരുന്നത്. എം.എൽ.സിയായ അശോക് ചൗധരിയുടെ നേതൃത്വത്തിൽ 27 അംഗ ബിഹാർ നിയമസഭയിൽ 18 അംഗങ്ങൾ ജെ.ഡി.യുവിൽ ചേക്കേറുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ചൗധരിയെ മാറ്റുന്നത് സംബന്ധിച്ച് ബിഹാറിലെ കോൺഗ്രസ് എം.എൽ.എമാരുമായി സോണിയയും രാഹുൽ ഗാന്ധിയും ചർച്ച നടത്തിയിരുന്നു. നാലുവർഷമായി ബിഹാറിൽ കോൺഗ്രസിനെ നയിച്ചത് അശോക് ചൗധരിയാണ്. ജെ.ഡി.യുവും ആർ.ജെ.ഡി യുമായുള്ള മഹാസഖ്യം തകർന്നതോടെ കോൺഗ്രസിലും തർക്കങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.