അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വ്യാപക വെടിവെപ്പ്, പ്രകോപനം; കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം
text_fieldsശ്രീനഗർ: അതിർത്തിയിൽ പാക് പ്രകോപനം. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല.
അതിനിടെ, കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പുണ്ടായി. ഒരു തീവ്രവാദിക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.
അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തൽഹ എന്നിവരാണ് പാകിസ്താനിൽ നിന്നുള്ളവർ. ആദിൽ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.
ഭീകരർക്കായുള്ള വ്യാപക തിരച്ചിൽ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാൽ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. വിജ്ഞാപനം പാകിസ്താൻ അധികൃതർക്ക് കൈമാറി. ഭീകരാക്രമണത്തിന് പിന്നാലെയാണ് കരാർ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതു വരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്. കരാർ മരവിപ്പിക്കുന്നത് പാകിസ്താന് തിരിച്ചടിയാകും.
1960 സെപ്റ്റംബർ 19നാണ് പാകിസ്താനുമായി സിന്ധു നദീജല കരാർ ഒപ്പിട്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ. 1965, 1971, 1999 എന്നീ യുദ്ധ വർഷങ്ങളിൽ പോലും കരാർ തുടർന്നിരുന്നു.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്കു നേരെ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ കാണും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
Live Updates
- 25 April 2025 3:40 AM
ബന്ദിപ്പോരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പ്
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പുണ്ടായി. ഒരു തീവ്രവാദിക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.