ബ്രഹ്മോസ് മിസൈല്‍ കയറ്റുമതിക്ക് ഫിലിപ്പീൻസുമായി ആദ്യ കരാർ
text_fieldsന്യൂഡൽഹി: റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ കയറ്റുമതിക്ക് ഫിലിപ്പീൻസുമായി കരാറായി. മൂന്ന് ബാറ്ററി ബ്രഹ്മോസ് മിസൈലുകൾക്കായി 374.96 ദശലക്ഷം ഡോളറിന്‍റെ കരാറിനാണ് ഫിലിപ്പീൻസ് സർക്കാർ അംഗീകാരം നൽകിയത്. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈൽ വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീൻസ്.
ഫിലിപ്പീൻസിന്‍റെ തീര പ്രതിരോധ സേനാ വിഭാഗത്തിലാണ് ബ്രഹ്മോസ് മിസൈൽ വിന്യസിക്കുക. ചൈന ഉയർത്തുന്ന സുരക്ഷാ വെല്ലുവിളിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് ഫിലിപ്പീൻസിന്‍റെ നടപടി.
ഫിലിപ്പീൻസ് കൂടാതെ ആസിയൻ രാജ്യങ്ങളായ ഇന്തോനേഷ്യയും വിയറ്റ്നാമും മിസൈൽ വാങ്ങാനായി ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പുറമെ ആഫ്രിക്കൻ, ഗൾഫ് രാജ്യങ്ങളും ബ്രഹ്മോസിനായി താൽപര്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.
ഇന്ത്യ ആദ്യമായാണ് തന്ത്രപ്രധാന പ്രതിരോധ ആയുധം കയറ്റുമതി ചെയ്യുന്നത്. ലോകത്ത് കുറഞ്ഞ വിലക്ക് വാങ്ങാവുന്ന ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. 27.3 ലക്ഷം ഡോളറാണ് മിസൈലിന്‍റെ നിർമാണ ചെലവ്. ഡി.ആര്‍.ഡി.ഒയും റഷ്യയുടെ എന്‍.പി.ഒ.എമ്മും ചേര്‍ന്നാണ് ബ്രഹ്മോസ് വികസിപ്പിച്ചത്.
ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്ററാണ് വേഗം. 290 കിലോമീറ്റർ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകർക്കാൻ ശേഷിയുള്ള ബ്രഹ്മോസിന്റെ കര, കടൽ, വ്യോമ പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.