Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരതീയ ന്യായ സംഹിത...

ഭാരതീയ ന്യായ സംഹിത പ്രകാരം രാജ്യത്ത് ആദ്യ കേസെടുത്തു

text_fields
bookmark_border
Bharatiya Nyaya Sanhita
cancel

ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത പ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെ ഡൽഹി കമല മാർക്കറ്റ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ബി.എൻ.എസ് 285 പ്രകാരം വഴി തടസപ്പെടുത്തി കച്ചവടം നടത്തിയതിനാണ് കേസെടുത്തത്.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപം കച്ചവടം നടത്തുന്ന ബിഹാർ സ്വദേശിയായ 23കാരൻ പങ്കജ് കുമാറാണ് കേസിലെ പ്രതി. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയിൽ തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

രാജ്യത്ത് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ ഇന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നിൽക്കുന്ന ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനൽ നടപടി ക്രമം(സി.ആർ.പി.സി), ഇന്ത്യൻ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തൽസ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എൻ.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്.

നിരവധി വിവാദ വ്യവസ്ഥകളും വകുപ്പുകളും ഉൾക്കൊള്ളുന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കരുതെന്ന നിയമ വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്ര സർക്കാർ പുതിയ നിയമങ്ങളുമായി മുന്നോട്ടു പോകുന്നത്. പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്ത വേളയിലാണ് നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് നിയമങ്ങളിൽ മതിയായ ചർച്ചയും മുന്നൊരുക്കവും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷവും നിയമ വിദഗ്ധരും വിമർശിക്കുന്നത്.

രാജ്യത്ത് ഇതുവരെയുണ്ടായിരുന്ന മൂന്ന് ക്രിമിനൽ നിയമങ്ങളും അതിലെ ഓരോ വ്യവസ്ഥകളും സുപ്രീംകോടതി കാലങ്ങളായി ഇഴകീറി വ്യാഖ്യാനിച്ചതിനാൽ സാധാരണക്കാർക്ക് ക്രിമിനൽ നിയമവ്യവസ്ഥ സംബന്ധിച്ച് സംശയങ്ങൾക്കിടയില്ലായിരുന്നു. എന്നാൽ, ഇതുവരെ രാജ്യത്തെ ഒരു കോടതിയും വ്യാഖ്യാനിക്കാത്ത പുതിയ നിയമങ്ങൾ പൊടുന്നനെ പ്രാബല്യത്തിലാക്കുമ്പോൾ പലവിധ പ്രശ്നങ്ങളുയരുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പുതിയ വകുപ്പുകൾ പ്രകാരം ചുമത്തുന്ന കേസുകളിൽ ആദ്യമായി അറസ്റ്റിലായി ക്രിമിനൽ നടപടികൾ നേരിടുന്നവർക്ക് പുതിയ നിയമങ്ങളിലെ കോടതി വ്യാഖ്യാനം സംബന്ധിച്ച് സൂചനയോ ധാരണയോ ലഭിക്കില്ല. അഭിഭാഷകർക്കുപോലും കോടതി എങ്ങനെ ഇവ വ്യാഖ്യാനിക്കുമെന്ന് പറയാനാകില്ല. സ്വാഭാവികമായും സുപ്രീംകോടതിയുടെ അന്തിമ വ്യാഖ്യാനം വരുന്നതുവരെ ഓരോ കേസുകളും കക്ഷികളെ അനിശ്ചിതത്വത്തിന്റെ മുൾമുനയിലാക്കും. നിരപരാധികളാണെങ്കിൽ പോലും അറസ്റ്റിലായവർക്ക് ജയിൽമോചനം ലഭിക്കണമെങ്കിൽ സുപ്രീംകോടതിയിൽ കേസ് തീരുംവരെ വർഷങ്ങളെടുക്കും.

14 ദിവസത്തിനുപകരം 90 ദിവസം വരെ പൊലീസ് കസ്റ്റഡിയിൽ വെക്കാൻ വ്യവസ്ഥ ചെയ്യുന്നതടക്കം നിരവധി കിരാത വകുപ്പുകൾ പുതിയ ക്രിമിനൽ നിയമത്തിലുണ്ട്. ഇതുകൂടാതെ സർക്കാറിന്റെ വിമർശകരെ കൂടുതൽ കർക്കശമായി നേരിടാൻ തക്ക വിധത്തിലുള്ള വകുപ്പുകൾ പുതിയ മൂന്ന് നിയമങ്ങളിലുണ്ടെന്നും ആക്ഷേപമുണ്ട്. പല പ്രതിപക്ഷ സംസ്ഥാനങ്ങളും ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം, ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതിന് വിപുലമായ ഒരുക്കം നടത്തിയെന്നാണ് സർക്കാർ വാദം. വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പൊലീസ് മേധാവികൾ എന്നിവരുടെ യോഗങ്ങൾ വിളിച്ചിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ 2024-25 മുതൽ നിയമ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പാഠ്യപദ്ധതിയിൽ ഇതുൾക്കൊള്ളിച്ചുവെന്നും ഐ.എ.എസ്, ഐ.പി.എസ് ഓഫിസർമാർ, ക്രൈം റെക്കോഡ്സ് ബ്യൂറോ, ഫോറൻസിക് ലാബ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം നൽകിയെന്നും സർക്കാർ പറയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ, ഹൈകോടതി ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വിളിച്ച് സമ്മേളനങ്ങൾ നടത്തിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First FIRBharatiya Nyaya Sanhita
News Summary - First FIR u/s of Bharatiya Nyaya Sanhita, 2023 registered at Kamla Market PS in Delhi
Next Story