തെരഞ്ഞെടുപ്പിന് മുമ്പായി മണിപ്പൂരിൽ ആദ്യ ചരക്കുതീവണ്ടിയെത്തി; വാണിജ്യമേഖലക്ക് ഉത്തേജനമെന്ന് മോദി
text_fieldsഇംഫാൽ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ മണിപ്പൂരിൽ ആദ്യമായി ചരക്കുതീവണ്ടി സർവിസ് ആരംഭിച്ചു. മണിപ്പൂരിലെ റാണി ഗൈഡിൻലിയു റെയിൽവേ സ്റ്റേഷനിലാണ് തീവണ്ടിയെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അതിവേഗം മാറുകയാണെന്നും സംസ്ഥാനത്തിന്‍റെ വാണിജ്യമേഖലക്ക് ഇത് ഉണർവാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
'വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മാറ്റം തുടരുകയാണ്. മണിപ്പൂരിന് മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധം വർധിക്കുകയും വാണിജ്യമേഖലക്ക് ഉണർവാകുകയും ചെയ്യും. മണിപ്പൂരിൽ നിന്നുള്ള മനോഹരമായ ഉൽപ്പനങ്ങൾക്ക് ഇനി രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുമെത്താനാകും' -മോദി ട്വീറ്റ് ചെയ്തു.
മണിപ്പൂരിന്‍റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയാകെയും ചരിത്രത്തിൽ ഇടംപിടിക്കുന്ന ദിവസമാണിതെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ മണിപ്പൂരിന് ആദ്യമായി ചരക്ക് ട്രെയിൻ എത്തുകയാണ്. വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ് -മന്ത്രി പറഞ്ഞു.
അടുത്ത മാസമാണ് മണിപ്പൂരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27, മാർച്ച് 10 തിയതികളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.