പ്രസംഗത്തിനിടെ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് എസ്.പി സഖ്യത്തിലെ സ്ഥാനാർഥിക്കെതിരെ ഉത്തർപ്രദേശിൽ കേസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിയതിന് സമാജ്‍വാദി പാർട്ടി മുന്നണിയിലെ സ്ഥാനാർഥി അബ്ബാസ് അൻസാരിക്കെതിരെ കേസെടുത്തു.
യു.പിയിലെ മൗവിൽ നടന്ന പൊതു റാലിക്കിടെയായിരുന്നു അബ്ബാസ് അൻസാരിയുടെ വിവാദ പരാമർശം. കണക്കുകൾ തീർക്കാനുള്ളതിനാൽ അധികാരത്തിലേറിയ ശേഷം ആറു മാസത്തേക്ക് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ നടത്തരുതെന്ന് അഖിലേഷ് യാദവിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് എ.ഡി.ജി പ്രശാന്ത് കുമാർ അനേഷണത്തിന് ഉത്തരവിട്ടതും കേസെടുത്തതും.
ക്രിമിനൽ കേസുകളിലെ പ്രതിയും നിരവധി തവണ എം.എൽ.എയുമായ മുഖ്താർ അൻസാരിയുടെ മകനാണ് വിവാദ പ്രസംഗം നടത്തിയ അബ്ബാസ് അൻസാരി. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽ നിന്ന് ബി.എസ്.പി ടിക്കറ്റിൽ വിജയിച്ച മുഖ്താർ അൻസാരി നിലവിൽ ജയിലിലാണ്.
ഇത്തവണ ബി.എസ്.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി)-സമാജ് വാദി പാർട്ടി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മകൻ അബ്ബാസ് അൻസാരി മത്സരിക്കാനെത്തുകയായിരുന്നു.
മാർച്ച് 7 ന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മൗ സദർ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് 30 കാരനായ അൻസാരി മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.