ഹിജാബിന് പിന്തുണ: യൂനിഫോം വേണ്ടെന്നുവച്ച് മൈസുരു കോളേജ്; തീരുമാനം നാല് വിദ്യാർഥികൾക്കുവേണ്ടി
text_fieldsകര്‍ണാടകത്തില്‍ ഹിജാബ് വിവാദം കത്തിപ്പടരവേ വേറിട്ട തീരുമാനവുമായി മൈസൂരുവിലെ കോളജ്. ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുമതി നല്‍കുന്നതിന് വേണ്ടി യൂനിഫോം തന്നെ റദ്ദാക്കിയിരിക്കുകയാണ് കോളേജ്.ഹിജാബ് നിരോധനത്തിന്റെ ശേഷം ചില വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ശേഷമാണ് യൂനിഫോം റദ്ദാക്കാന്‍ തീരുമാനിച്ചത്. നാല് വിദ്യാര്‍ഥികളാണ് ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഹിജാബ് ധരിച്ചെത്തുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പഠനം അനുവദിക്കാനാണ് കോളജിന്റെ തീരുമാനം. കര്‍ണാടകയില്‍ ആദ്യമായിട്ടാണ് ഒരു കോളജ് ഇത്തരമൊരു നിലപാട് എടുക്കുന്നത്.
മൈസൂരു നഗരത്തിലെ ചരിത്രപ്രസിദ്ധമായ സ്വകാര്യ കോളേജാണ് തീരുമാനം എടുത്തതെന്ന് മൈസൂരുവിലെ ഡി.ഡി.പി.യു ഡി.കെ. ശ്രീനിവാസ മൂർത്തി പറഞ്ഞു. വെള്ളിയാഴ്ചയാണ് യൂനിഫോം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം എടുത്തത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്. 'നാല് വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാതെ ക്ലാസിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ചില സംഘടനകൾ അവർക്ക് പിന്തുണ നൽകി. ഞാൻ കോളേജ് സന്ദർശിച്ച് എല്ലാവരുമായും ചർച്ച നടത്തി. അതിനിടെ, വിദ്യാർഥികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിന് യൂനിഫോം നിയമം റദ്ദാക്കുന്നതായി കോളേജ് അറിയിച്ചു'-ശ്രീനിവാസ മൂർത്തി പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിക്കാന്‍ അനുവദിക്കരുത് എന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. തുമകുരുവിലെ ഇപ്രസ് കോളജിലെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. രണ്ട് ദിവസമായി കോളജില്‍ ഹിജാബിനെ അനുകൂലിച്ച് സമരം നടക്കുകയാണ്. വിദ്യാര്‍ഥികള്‍ നിരോധനാജ്ഞ ലംഘിച്ചാണ് സമരം ചെയ്യുന്നത്. പ്രിന്‍സിപ്പലുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഹിജാബ് നിരോധനം മൂലം നിരവധി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുകയാണെന്നും നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.