രാമരാജ്യത്തിൽ രണ്ടുവർഷം ഞാൻ ജയിലിൽ; ദുരിതബാധിതരെ ശുശ്രൂഷിക്കും -കഫീൽ ഖാൻ
text_fieldsന്യൂഡൽഹി: ഏഴുമാസത്തെ അന്യായ തടവുജീവിതത്തിന് ശേഷം ഇന്നലെ മോചിതനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ ജയിൽ ജീവിതത്തെകുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും മനം തുറക്കുന്നു.
അലിഗഡ് യൂനിവേഴ്സിറ്റിയിൽ പൗരത്വപ്രക്ഷോഭ പരിപാടിയിൽ നടത്തിയ പ്രസംഗത്തിൻെറ പേരിലായിരുന്നു അദ്ദേഹത്തെ യോഗി സർക്കാർ തടവറയിലടച്ചത്. എന്നാൽ, ഈ പ്രസംഗം പൗരൻമാരോട് ജാതിമതഭേദമന്യേ ഐക്യത്തിൽ കഴിയാനും രാജ്യത്തിൻെറ സമഗ്രത സംരക്ഷിക്കാനുമുള്ള ആഹ്വാനമാണെന്ന് ഹൈകോടതി വിലയിരുത്തി. കുറ്റവിമുക്തനായി പുറത്തിറങ്ങിയ ഡോ. കഫീൽ ഖാനുമായി 'നാഷനൽ ഹെറാൾഡ്' ലേഖകൻ വിശ്വദീപക് നടത്തിയ അഭിമുഖം വായിക്കാം.
അലഹബാദ് ഹൈകോടതി ഉത്തരവിനെക്കുറിച്ച് കേട്ടപ്പോൾ എന്താണ് ആദ്യം മനസ്സിൽ തോന്നിയത്? എന്തായിരുന്നു ആദ്യ പ്രതികരണം?
എൻെറ മനസ്സിൽ ആദ്യം വന്നത് നന്ദിയായിരുന്നു. എനിക്കുവേണ്ടി പോരാടിയ ആളുകളോടൊക്കെ നന്ദിയുണ്ട്. രണ്ടാമതായി, നീതിന്യായ വ്യവസ്ഥയിലുള്ള എൻെറ വിശ്വാസം ശക്തിപ്പെട്ടു.
നിങ്ങൾ വിധി സൂക്ഷ്മമായി വായിച്ചു നോക്കൂ... ഉത്തർപ്രദേശിലെ സ്ഥിതിഗതികളെക്കുറിച്ച് ബഹുമാനപ്പെട്ട ഹൈകോടതി വളരെ രൂക്ഷമായ വിമർശനമാണ് മുന്നോട്ടുവെക്കുന്നത്:
''1) എൻെറ പ്രസംഗം അക്രമത്തിന് പ്രേരിപ്പിച്ചില്ലെന്ന് ഹൈകോടതി പറഞ്ഞു
2) എൻെറ പ്രസംഗം ജില്ലാ മജിസ്‌ട്രേറ്റ് വാലും തലയും മുറിച്ചെടുത്താണ് പരിഗണിച്ചത്.
3) എന്നെ തടങ്കലിലിട്ടത് നിയമവിരുദ്ധമായിരുന്നു.''
ഇതിലപ്പുറം ഇനി ഒന്നും പറയാനില്ല.
പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) വിരുദ്ധ റാലികളിൽ നിങ്ങൾ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ?
സി.എ.എ - എൻ.ആർ.സിക്കെതിരായ പോരാട്ടം ഞങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ് എന്നാണ് ഞാൻ പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നു.
നിങ്ങൾക്കെതിരെ എൻ.എസ്.എ ചുമത്തി. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങളുണ്ട്. അതേക്കുറിച്ച് എന്താണ് അഭിപ്രായം?
എൻെറ കാഴ്ചപ്പാടിൽ എൻ.എസ്.എ, പി.എസ്.എ, അഫ്സപ പോലുള്ള പിന്തിരിപ്പൻ നിയമങ്ങൾ റദ്ദാക്കണം. ചില സംസ്ഥാനങ്ങളിൽ ഇത് എൻ.എസ്.എയാണ്, മറ്റുള്ളവയിൽ പി.എസ്.എ, നോർത്ത് ഈസ്റ്റ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഇത് അഫ്സപയാണ്. ഇവ പൊലീസും സംസ്ഥാന സർക്കാറുകളും അതിൻെറ ഏജൻസികളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും പൗരൻമാരുടെ അഭിപ്രായപ്രകടനം കുറ്റകരമാക്കുകയും ചെയ്യുന്ന എല്ലാ നിയമങ്ങളും റദ്ദാക്കണം.
ഉത്തർപ്രദേശിൽ ഹോൾസെയിലായാണ് ആളുകൾക്ക് മേൽ എൻ.എസ്.എ ചുമത്തുന്നത്. നൂറ്, ഇരുനൂറ് പേർക്കെതിരെ എൻ.എസ്.എ ചുമത്തണമെന്ന് മുഖ്യമന്ത്രി ഉത്തരവിടുന്നു, പൊലീസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. ഇതാണ് യു.പിയിൽ നടക്കുന്നത്.
ഉത്തർ പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യ സംഘമാണല്ലോ (എസ്.ടി.എഫ്) നിങ്ങളെ അറസ്റ്റ് ചെയ്തത്. എസ്.ടി.എഫ് പല കാര്യങ്ങളിലും കുപ്രസിദ്ധമാണ്. അവർ നിങ്ങളോട് എങ്ങനെയാണ് പെരുമാറിയത്?
(ചിരിക്കുന്നു) എന്നെ ജീവിക്കാൻ അനുവദിച്ചതിന് യു.പി എസ്.ടി.എഫിനോട് നന്ദി പറയുന്നു. എസ്.ടി.എഫിൻെറ കുതിരപ്പടയ്ക്ക് എവിടെവെച്ചും ഒരട്ടിമറിയും ഏറ്റുമുട്ടൽ കൊലപാതകവും സൃഷ്ടിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമല്ലോ... (എന്നെ അറസ്റ്റ് ചെയ്ത) മുംബൈയിൽനിന്ന് മഥുരയിലേക്കുള്ള ദൂരം വളരെ വലുതാണ്. തുടക്കത്തിൽ അവർ എന്നെ ഉപദ്രവിച്ചുവെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. അവർ എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്.
പൊതുസദസ്സിലായിരുന്നല്ലോ നിങ്ങൾ പ്രസംഗിച്ചത്. പിന്നെ, എസ്.ടി.എഫ് എന്ത് അറിയാനാണ് നിങ്ങളെ ചോദ്യംചെയ്തത്?
ഇത് ശരിക്കും തമാശയായിരുന്നു. ഞാൻ ജപ്പാനിലേക്ക് പോയി സർക്കാറിനെ അട്ടിമറിക്കാൻ പദ്ധതിയിടുകയാണെന്നാണ് എസ്.ടി.എഫ് കരുതിയതത്രേ. അവർക്ക് ഇക്കാര്യം എവിടെ നിന്ന് കിട്ടിയെന്ന് എനിക്കറിയില്ല. അവർ എന്നോട് ഇതേകുറിച്ച് തിരിച്ചും മറിച്ചും ചോദിക്കാറുണ്ടായിരുന്നു.
ഒരു ദിവസം അവർ 'വെളുത്ത പൊടി'യെക്കുറിച്ച് ചോദിച്ചു. (സ്ഫോടകവസ്തുക്കൾ ആയിരിക്കും ഉദ്ദേശിച്ചതെന്ന് തോന്നുന്നു). സ്വന്തമായി വെളുത്ത ഗുളികകൾ പോലും പൊടിക്കാൻ കഴിയാത്തയാളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ എങ്ങനെ 'വെളുത്ത പൊടി' ഉണ്ടാക്കും? എൻെറ പാസ്‌പോർട്ട് ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും ഞാൻ അവരോട് പറഞ്ഞു.
ജയിലിലെ ജീവിതം എങ്ങനെയായിരുന്നു? എത്ര ദിവസമാണ് ജയിലിൽ കഴിഞ്ഞത്?
ബി.ജെ.പി ഭരണത്തിൽ ജയിൽ എൻെറ രണ്ടാമത്തെ വീടായി മാറിയെന്ന് തോന്നുന്നു. യു.പിയിൽ ബി.ജെ.പി ഭരണം തുടങ്ങിയിട്ട് മൂന്നര വർഷത്തിലേറെയായി. അവർ തങ്ങളുടെ ഭരണത്തെ രാമരാജ്യം എന്നാണ് വിളിക്കുന്നത്. അവരുടെ തന്നെ ഭാഷ കടമെടുത്താൽ, ഈ മൂന്നര വർഷത്തിൽ രണ്ടുവർഷത്തോളം ഞാൻ രാമ രാജ്യത്തിലെ ജയിലിലാണ് കഴിഞ്ഞത്.
ജയിലിലെ ജീവിതം ഭീകരമായിരുന്നു. അതുസംബന്ധിച്ച കാര്യങ്ങൾ നേരത്തെ കത്തിലൂടെ ഞാൻ വെളിപ്പെടുത്തിയിരുന്നു. കൊറോണ വൈറസിൻെറ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കൽ മാത്രമാണ് പകർച്ചവ്യാധി തടയാനുള്ള ഒരേയൊരു മാർഗം. എന്നാൽ, ഞങ്ങൾ 150 തടവുകാരെയാണ് ഒരുബാരക്കിൽ പാർപ്പിക്കുന്നത്. എല്ലാവർക്കും കൂടി ആകെ ഒരു കക്കൂസാണ് ഉണ്ടായിരുന്നത്. ഞങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൻെറ ഗുണനിലവാരം വളരെ മോശമായിരുന്നു.
ടി.വിയിലെ വാർത്ത കാണുന്നത് മാത്രമാണ് ആകെയുള്ള വിനോദം. എന്നാൽ, ടി.വി ഓണാക്കുമ്പോഴെല്ലാം സ്ക്രീനിൽ സുശാന്ത് സിങ്ങിനെ സംബന്ധിച്ച വാർത്തകൾ മാത്രമാണ് ഉണ്ടാവുക. ഇത് കണ്ടപ്പോൾ കൊറോണ വൈറസ് ഇന്ത്യയിൽനിന്ന് ഓടിപ്പോയോ എന്ന് ഒരുവേള ഞാൻ സംശയിച്ചു. ഇപ്പോൾ ആളുകൾക്ക് തൊഴിലില്ലായ്മ, സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, അതിർത്തിയിലെ ചൈനീസ് ആക്രമണം എന്നിവ ഒരു പ്രശ്നമേയല്ല. സുശാന്തിന് നീതി ലഭിക്കുക എന്ന ഒറ്റ കാര്യം മാത്രമാണ് ആളുകൾക്ക് പ്രാധാന്യമുള്ളതെന്ന് തോന്നുന്നു.
എന്താണ് ഇനി നിങ്ങളുടെ അടുത്ത പരിപാടി?
കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവിടണമെന്ന് കരുതുന്നു. 11 മാസം പ്രായമുള്ള എൻെറ മകനെ ഞാൻ കുറച്ച് കാലം മാത്രമാണ് കണ്ട്. ഞാൻ ജയിലിൽ പോകുേമ്പാൾ ജനിച്ചിട്ട് ഏതാനും മാസം മാത്രമേ ആയിരുന്നുള്ളൂ.. ഇപ്പോൾ അവന് സ്വന്തമായി നടക്കാൻ കഴിയും.
പിന്നെ, അസമിലും ബിഹാറിലും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്താനാണ് ആഗ്രഹം. വിവിധ പകർച്ചവ്യാധികൾ കാരണംൾ കാരണം ആളുകൾ മരിക്കുന്നു. ചിക്കുൻഗുനിയയും വയറിളക്കവും പാവപ്പെട്ടവരുടെ അന്തകരാകുന്നു. എൻെറ ടീമിനൊപ്പം ഞാൻ അവർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തും. ഇത് സംബന്ധിച്ച് ചർച്ച നടത്തി പദ്ധതി തയ്യാറാക്കും.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിങ്ങളുടെ ജില്ലക്കാരനാണ്. അദ്ദേഹം നിങ്ങളോട് വിരോധം പുലർത്തുന്നതായി സംസാരമുണ്ട്. എന്താണ് ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം?
ബി.ആർ.ഡി മെഡിക്കൽ കോളജിലെ ജോലിയിൽ തിരികെ പ്രവേശിപ്പികകണമെന്ന് ഞാൻ മുഖമന്ത്രിയോട് അഭ്യർഥിക്കുന്നു, അതിലൂടെ എനിക്ക് എൻെറ ജോലി പുനരാരംഭിക്കാനും ജനങ്ങളെ സേവിക്കാനും കഴിയും. വൈദ്യശാസ്ത്രം എൻെറ തൊഴിൽ മാത്രമല്ല, എൻെറ അഭിനിവേശം കൂടിയാണ്.
നിങ്ങളുടെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു കാമ്പയിൻ നടത്തിയത് അറിഞ്ഞിരുന്നോ?
എൻെറ മോചനത്തിനായി പോരാടിയ കോൺഗ്രസിനോട് എനിക്ക് നന്ദിയുണ്ട്. പ്രിയങ്ക ഗാന്ധി, അജയ് കുമാർ ലല്ലു, യുപി ന്യൂനപക്ഷ സെൽ മേധാവി ഷാനവാസ് ആലം എന്നിവരോട് പ്രത്യേകം നന്ദി പറയുന്നു. സമാജ്‌വാദി പാർട്ടിക്കും ബി.എസ്.പി.ക്കും എനിക്ക് വേണ്ടി ശബ്ദിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.
രാഷ്ട്രീയമായി നിങ്ങൾ വളരെ സജീവമാണ്. നിങ്ങൾ രാഷ്ട്രീയത്തിൽ ചേരാൻ പദ്ധതിയിടുകയാണോ?
നിങ്ങൾക്ക് സിസ്റ്റം ശരിയാക്കണമെന്നുണ്ടെങ്കിൽ, അതിൽ പ്രവേശിക്കേണ്ടതുണ്ട്. അതാണ് എൻെറ ഉത്തരം. സമയയവും സാഹചര്യവും പരിഗണിച്ച് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.