അന്ന് കേദാർനാഥ്; ഇത്തവണ കന്യാകുമാരി
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറ സ്മാരകത്തിൽ ധ്യാനം നടത്തും. ജൂൺ ഒന്നിന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണ കൊട്ടിക്കലാശം നടക്കുന്ന മേയ് 30ന് കന്യാകുമാരിയിലെത്തുന്ന അദ്ദേഹം മേയ് 31ന് വൈകീട്ട് മുതൽ 24 മണിക്കൂർ നേരം ധ്യാനത്തിലായിരിക്കുമെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജൂൺ നാലിനാണ് പ്രഖ്യാപിക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തും.
2019ലെ തെരഞ്ഞെടുപ്പ് കാലത്തും മോദി സമാനമായ രീതിയിൽ ധ്യാനം നടത്തിയത് വാർത്തയായിരുന്നു. മേയ് 19നായിരുന്നു അന്ന് അവസാനഘട്ട വോട്ടെടുപ്പ്. കലാശക്കൊട്ട് കഴിഞ്ഞ്, മേയ് 18ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഭാഗമായ സമുദ്രനിരപ്പിൽനിന്ന് 11,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രുദ്രദാന ഗുഹയിൽ മോദി 17 മണിക്കൂർ ധ്യാനമിരുന്നു.
ഗുഹയിൽ ധ്യാനമിരിക്കുന്ന ചിത്രം മോദിതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചിത്രം വൈറലുമായി. തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പേ, മോദിയുടെ ‘ധ്യാനചിത്രം’വലിയ രാഷ്ട്രീയ ചർച്ചക്കും വഴിവെച്ചു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, മോദിയുടെ നീക്കം വോട്ടാക്കി മാറ്റാൻ സാധിച്ചുവെന്ന് പല നിരീക്ഷകരും വിലയിരുത്തി.
സമാനമായ മറ്റൊരു നീക്കത്തിനാണിപ്പോൾ മോദി തുനിഞ്ഞിരിക്കുന്നത്. അദ്ദേഹം മത്സരിക്കുന്ന വാരാണസിയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ, സ്വാമി വിവേകാനന്ദന്റെ ഓർമകൾ ഇരമ്പുന്ന കന്യാകുമാരിയിൽ അദ്ദേഹം ധ്യാനത്തിലിരിക്കുന്നത് രാഷ്ട്രീയമായി ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ രണ്ട് ദിവസമായി മോദി കന്യാകുമാരിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച തമിഴ്നാട്ടിലെ ഏതാനും ബി.ജെ.പി നേതാക്കൾ സന്ദർശനം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.