പാഠം ഒന്ന്, ജാതിവെറി...
text_fieldsഭോപാല്‍: മധ്യപ്രദേശിലെ പ്രൈമറി ക്ളാസ് മുറിയില്‍നിന്നു കേള്‍ക്കുന്നത് ജാതിവിവേചനത്തിന്‍െറ ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനം. ദലിത് സ്ത്രീ പാചകം ചെയ്യുന്നുവെന്ന കാരണത്താല്‍ കഴിഞ്ഞ മൂന്നുമാസമായി തികംഗറിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍നിന്ന് 67 വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിക്കാതായിട്ട്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട 16 കുട്ടികളും ഉള്‍പ്പെടുന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രാം ഗോപാല്‍ ഗുപ്ത ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലക്കാരായ ജതറ ജന്‍പഥ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പി.കെ. മിശ്രക്ക് കഴിഞ്ഞദിവസം എഴുതിയ കത്തിലൂടെയാണ് നീചമായ ജാതിവിവേചനത്തിന്‍െറ കഥ പുറംലോകം അറിഞ്ഞത്.
തികംഗര്‍ ജില്ല ആസ്ഥാനത്തുനിന്ന് 19 കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മദ്ഖേദയിലെ പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം. മൊത്തം 89 കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ‘മാ ലക്ഷ്മി സ്വയം സഹായ സംഘം’ പ്രസിഡന്‍റുകൂടിയായ ദലിത് സമുദായാംഗം മാള്‍ട്ടി എന്ന സ്ത്രീയാണ് ഭക്ഷണവിതരണത്തിന്‍െറ കരാര്‍ എടുത്തിരുന്നത്. ഒ.ബി.സി സമുദായമായ കുശവ വിഭാഗത്തില്‍പെട്ട സ്ത്രീയെയായിരുന്നു മാള്‍ട്ടി പാചകത്തിനു നിയോഗിച്ചിരുന്നത്. ഈ സമയത്ത് മുഴുവന്‍ കുട്ടികളും സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍, മാള്‍ട്ടി തന്നെ പാചകത്തിന്‍െറ ചുമതല ഏറ്റതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
ഉയര്‍ന്ന ജാതിയില്‍പെട്ട 51 കുട്ടികളും പട്ടികജാതി വിഭാഗമായ ആഹിര്‍വാര്‍ സമുദായത്തിലെ 16 കുട്ടികളും ഇതോടെ ഉച്ചഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. എന്നാല്‍, മാള്‍ട്ടിയുടെ സമുദായമായ വന്‍ഷ്കാര്‍ വിഭാഗത്തില്‍പെട്ട 22 കുട്ടികള്‍ സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കുന്നുമുണ്ട്.
താഴ്ന്ന ജാതിക്കാരി പാചകംചെയ്യുന്ന ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കള്‍ കര്‍ശനമായി വിലക്കിയതുകൊണ്ടാണ് ഉച്ചഭക്ഷണം കഴിക്കാത്തതെന്ന് കുട്ടികള്‍ പറഞ്ഞതായി ഹെഡ്മാസ്റ്റര്‍ വാര്‍ത്ത ഏജന്‍സി പി.ടി.ഐയോട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് മേലധികാരികള്‍ക്ക് മൂന്നുതവണ കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ളെന്ന് ഹെഡ്മാസ്റ്റര്‍ പറയുന്നു.
എന്നാല്‍, ജാതി വിവേചനത്തെക്കുറിച്ച് ഇങ്ങനെയൊരു പരാതി കിട്ടിയിട്ടില്ളെന്നാണ് ജതറ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ആദിത്യ സിങ്ങിന്‍െറ നിലപാട്. അങ്ങനെയൊരു സംഭവമുണ്ടെങ്കില്‍ അതേക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കണമെന്ന മറുപടിയാണ് ആദിത്യ സിങ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയത്. ജില്ല കലക്ടര്‍ പ്രിയങ്ക ദാസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.