നാളെ രാജ്യത്തെത്തുന്ന നമീബിയൻ ചീറ്റപ്പുലികളെ കാണാം -വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിക്കുന്ന ചീറ്റപ്പുലികളുടെ വിഡിയോ ദൃശ്യം പുറത്ത് വിട്ട് വാർത്ത ഏജൻസി എ.എൻ.ഐ. ട്വിറ്ററിലൂടെ പുറത്തുവിട്ട ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യത്തിൽ നമീബിയയിലെ ദേശീയോദ്യാനത്തിൽ മരത്തണലിൽ വിശ്രമിക്കുന്ന രണ്ടു ചീറ്റകളെ കാണാം.
ഇന്ത്യയും നമീബിയയും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ എട്ടു ചീറ്റപ്പുലികളെയാണ് രാജ്യത്ത് എത്തിക്കുന്നത്. മധ്യപ്രദേശിലെ കുനോ-പൽപൂർ ദേശീയോദ്യാനത്തിലാണ് പുലികളെ എത്തിക്കുക. പ്രേത്യക കാർഗോ വിമാനത്തിലാണ് ചീറ്റപ്പുലികൾ രാജ്യത്ത് എത്തുന്നത്.
ചീറ്റകളെ വരവേൽക്കാൻ ദേശീയോദ്യാനം സജ്ജമായി കഴിഞ്ഞു. ഷിയോപുർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച ചീറ്റകളെ തുറന്നു വിടുമെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.
ചീറ്റപ്പുലികളുമായി പ്രത്യേക കാർഗോ വിമാനം ശനിയാഴ്ച രാവിലെ ആറോടെ ഗ്വാളിയോറിൽ ഇറങ്ങും. കസ്റ്റംസ് ക്ലിയറൻസിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ചീറ്റകളെ ഹെലികോപ്റ്ററിൽ കുനോ നാഷനൽ പാർക്കിലേക്ക് കൊണ്ടുപോകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ 1952ൽ വംശനാശം സംഭവിച്ച വലിയ മാംസഭോജികളാണ് ചീറ്റപ്പുലികൾ. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവുമാണ് വംശനാശത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.