സേനക്ക് ആറ് അപാചെ ഹെലികോപ്ടറുകൾ കൂടി
text_fieldsന്യൂഡൽഹി: 4,168 കോടി രൂപ ചെലവിൽ ആറ് അപാചെ ഹെലികോപ്ടറുകൾ കൂടി വാങ്ങാൻ സൈന്യത്തിന് പ്രതിരോധവകുപ്പ് അനുമതി നൽകി. വ്യാഴാഴ്ച പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി അധ്യക്ഷത വഹിച്ച ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതാദ്യമായാണ് ആക്രമണത്തിന് ഉപയോഗിക്കാവുന്ന കോപ്ടറുകൾ സേന വാങ്ങുന്നത്. 490 കോടി രൂപ ചെലവിൽ നാവികസേന കപ്പലുകൾക്ക് രണ്ട് എൻജിനുകൾ വാങ്ങാനും യോഗത്തിൽ അനുമതിയായി.
നേരത്തെ 22 ആക്രമണ ഹെലികോപ്ടറുകൾ തങ്ങൾക്ക് നൽകണമെന്ന സേനയുടെ അപേക്ഷ വ്യോമസേനയുടെ എതിർപ്പിനെ തുടർന്ന് തള്ളിയിരുന്നു. വ്യോമസേനയും സൈന്യവും തമ്മിൽ ദീർഘനാൾ നടന്ന ചർച്ചകൾക്കൊടുവിൽ 11 കോപ്ടറുകൾ വാങ്ങാമെന്ന തീർപ്പിലെത്തി. എന്നാൽ, ആറെണ്ണം വാങ്ങുന്നതിനുള്ള അനുമതിയാണ് പ്രതിരോധവകുപ്പ് നൽകിയത്.
സേനക്ക് സ്വതന്ത്രമായി വ്യോമാക്രമണ സംവിധാനം വേണമെന്നത് ദീർഘകാല ആവശ്യമാണ്. പാകിസ്താനോട് ചേർന്ന് നിൽക്കുന്ന നിയന്ത്രണരേഖയിൽ വിന്യസിക്കാൻ 39 കോപ്റ്ററെങ്കിലും വേണമെന്നും സേന ആവശ്യപ്പെട്ടിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച 114 എൽ.സി.എച്ച്, രുദ്ര ഹെലികോപ്ടറുകൾക്ക് സൈന്യം ഒാർഡർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.