ഉത്തരകാശി തുരങ്ക അപകടം; തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തി, രക്ഷാപ്രവർത്തനം 10ാം ദിവസം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള സിൽക്യാര തുരങ്കം തകർന്ന് 10 ദിവസമായി ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. എൻഡോസ്കോപ്പി കാമറയിലൂടെയാണ് രക്ഷാപ്രവർത്തകർ തൊഴിലാളികളുടെ ദൃശ്യം പകർത്തിയത്.
തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്കോപ്പി കാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. 41 തൊഴിലാളികളാണ് നവംബർ 12നുണ്ടായ അപകടത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.
രക്ഷാദൗത്യം വഴിമുട്ടിനിൽക്കുന്നതിനിടെ തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിക്കാനായാണ് ആറ് ഇഞ്ച് വ്യാസമുള്ള കുഴൽ കടത്തിയത്. മണ്ണിടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ 53 മീറ്റർ നീളത്തിലുള്ള കുഴലാണ് തൊഴിലാളികളുള്ള മറുവശത്തേക്കു കയറ്റിയത്. ഇത് നിർണായകമാണെന്നും ഇതിലൂടെ റൊട്ടിയും കറിയും ഉൾപ്പെടെയുള്ള ഭക്ഷണവും മൊബൈൽ ഫോണുകളും ചാർജറുകളും എത്തിക്കാനാകുമെന്നും അധികൃതർ വിശദീകരിച്ചു.
തൊഴിലാളികളെ പുറത്തെത്തിക്കാൻ മറ്റ് വഴികളിലൂടെ സാധിക്കുമോ എന്ന് പരിശോധിക്കാൻ ഡ്രോണുകളും റോബോട്ടുകളും എത്തിച്ചിട്ടുണ്ട്. തുരങ്കനിർമാണം തുടങ്ങിയപ്പോൾതന്നെ സ്ഥാപിച്ച നാല് ഇഞ്ച് കുഴലിലൂടെയായിരുന്നു നേരത്തേ ഉണങ്ങിയ പഴങ്ങളും മരുന്നുകളും ലഭ്യമാക്കിയിരുന്നത്. കനത്ത വായുമർദത്തിൽ പൈപ്പിലൂടെ മറുവശത്തേക്ക് തള്ളിയാണ് ഭക്ഷണം എത്തിക്കുന്നത്.
അതിനിടെ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ രാജ്യാന്തര വിദഗ്ധനെ എത്തിച്ചു. ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷനൽ ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ തലവൻ പ്രഫ. ആർണോൾഡ് ഡിക്സാണ് ശനിയാഴ്ച അപകട സ്ഥലത്തെത്തിയത്. ഇതുവരെയുള്ള രക്ഷാപ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.