അലീഗഢ് മുസ്‌ലിം സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യം; വൈസ് ചാൻസലർ പദവിയിൽ വനിത
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്‌ലിം സർവകലാശാലയുടെ (എ.എം.യു) വൈസ് ചാൻസലറായി പ്രഫ. നഈമ ഖാത്തൂനിനെ നിയമിച്ചു. സർവകലാശാലയുടെ 123 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വി.സി പദവിയിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് നഈമയുടെ നിയമനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമീഷനോടും അനുമതി തേടിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വിമൻസ് കോളജ് പ്രിൻസിപ്പലായിരുന്നു നഈമ ഖത്തൂനെ അഞ്ച് വർഷത്തേക്കാണ് എ.എം.യു വൈസ് ചാൻസലറായി നിയമിച്ചത്. അലീഗഢ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ പി.എച്ച്.ഡി പൂർത്തിയാക്കിയ നൈമ 1988ൽ അതേ ഡിപ്പാർട്ട്‌മെന്‍റിൽ അധ്യാപികയായി. 2014ൽ വിമൻസ് കോളജിന്‍റെ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടു.
1875-ൽ സ്ഥാപിതമായ മുഹമ്മദൻ ആംഗ്ലോ-ഓറിയന്‍റൽ കോളജ് 1920ലാണ് അലീഗഢ് മുസ്‌ലിം സർവകലാശാലയായി മാറിയത്. 1920ൽ ബീഗം സുൽത്താൻ ജഹാൻ എ.എം.യു ചാൻസലർ പദവി വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.