'വായ്പ തിരിച്ചടക്കാൻ വൈകി'; ലോൺ ആപ്പുകാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
text_fieldsവിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ലോൺ ആപ്പ് ഏജന്‍റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തു. നരേന്ദ്ര എന്ന 21കാരനാണ് മനോവിഷമത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്. വായ്പ തിരിച്ചടക്കാൻ വൈകിയതിനെ തുടർന്നാണ് ആപ്പ് ഏജന്‍റുമാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്.
ലോൺ റിക്കവറി ഏജന്‍റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതറിഞ്ഞ് ഡിസംബർ ഏഴിനാണ് നരേന്ദ്ര ആത്മഹത്യ ചെയ്തത്. അടുത്തിടെയായിരുന്നു നരേന്ദ്രയുടെ വിവാഹം. ലോൺ ആപ്പിൽ നിന്ന് യുവാവ് എത്ര പണം കടം വാങ്ങിയെന്നത് വ്യക്തമല്ല. എന്നാൽ 2000 രൂപ കൂടി മാത്രമാണ് നൽകാനുണ്ടായുരുന്നത് എന്നാണ് റിപ്പോർട്ട്.
ബാക്കി പണം നൽകണമെന്നും മറിച്ചാണെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ലോൺ ആപ്പ് ഏജന്‍റുമാർ നിരന്തരം ഭീക്ഷണിപ്പെടുത്തുമായിരുന്നെന്നും വിവരമുണ്ട്. ദമ്പതികൾ പണം തിരികെ നൽകിയെങ്കിലും അപ്പോഴേക്കും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യക്കുള്ള പ്രേരണ എന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുന്നതിൽ യാതൊരു പ്രശ്നവുമില്ല, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ - 1056, 0471- 2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.