കോവിഡ്: മേയിൽ മരിച്ചത് അഞ്ച് പൈലറ്റുമാർ; കുടുംബത്തിനും വാക്സിൻ നൽകണമെന്ന് പൈലറ്റുമാരുടെ സംഘടന
text_fieldsമുംബൈ: ഇക്കഴിഞ്ഞ മേയ് മാസം കോവിഡ് ബാധിച്ച് മരിച്ചത് എയർ ഇന്ത്യ കമ്പനിയിലെ അഞ്ച് മുതിർന്ന പൈലറ്റുമാർ. ക്യാപ്റ്റൻ ഹർഷ് തിവാരി, ക്യാപ്റ്റൻ ഗുർപ്രതാപ് സിംഗ്, ക്യാപ്റ്റൻ സന്ദീപ് റാണ, ക്യാപ്റ്റൻ അമിതേഷ് പ്രസാദ്, ക്യാപ്റ്റൻ പ്രസാദ് എം കർമ്മകർ എന്നിവർക്കാണ് കോവിഡ് മൂലം ജീവൻ പൊലിഞ്ഞത്.
വന്ദേ ഭാരത് മിഷൻ (വി.ബി.എം) പദ്ധതിയുടെ ഭാഗമായി വിമാനം പറത്തുന്ന പൈലറ്റുമാരും ജീവനക്കാരും കോവിഡ് ഭീതിയിലാണെന്നും ജോലിക്ക് ശേഷം വീട്ടിൽ പോകാൻ ഭയമാണെന്നും ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ) ഭാരവാഹികൾ പറഞ്ഞു. ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിൽ വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നൽകാൻ സൗകര്യം ഒരുക്കണമെന്ന് ഐ.സി.പി.എ എയർ ഇന്ത്യക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഡ്യൂട്ടിക്കിടെ രോഗബാധിതരാകുന്ന ജീവനക്കാരിൽനിന്ന് അടുത്ത കുടുംബാംഗങ്ങൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു. "പൊതുജനങ്ങളുമായി ഇടപഴകുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആശ്രിതരായ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നടത്തുന്നുണ്ട്. ഈ നയം വിമാന ജീവനക്കാർക്കും ബാധകമാക്കണം. കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി പൈലറ്റുമാരാണ്ക്വാറൻറീനിൽ കഴിയുന്നത്. ധാരാളം പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്ന നിരക്കിലാണ് കോവിഡ് ബാധിതരുടെ എണ്ണം" കത്തിൽ പറയുന്നു.
"വിബിഎം വിമാനം പ്രവർത്തിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞങ്ങളുടെ കുടുംബാംഗങ്ങളെ രോഗം ബാധിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, ഞങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനും കുടുംബങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിനും ഞങ്ങൾക്ക് കമ്പനിയുടെ പിന്തുണ ആവശ്യമാണ്" കത്തിൽ കൂട്ടിച്ചേർത്തു.
45ഉം അതിൽ കൂടുതലും പ്രായമുള്ള ജീവനക്കാർക്കായി മുൻഗണനാക്രമത്തിൽ വാക്സിനേഷൻ ക്യാമ്പ് തുടങ്ങാൻ എയർ ഇന്ത്യ ഏപ്രിലിൽ തീരുമാനിച്ചിരുന്നു. 45 വയസ്സിനു മുകളിൽ പ്രായമുള്ള 6,000 ത്തിലധികം ജീവനക്കാർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി ഇത് ഉദ്ദേശിച്ച രീതിയിൽ നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.