മനുഷ്യക്കടത്ത്; നാല് എയർ ഇന്ത്യ ജീവനക്കാർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് എയർ ഇന്ത്യ ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേരെ ഡൽഹി വിമാനത്താളത്തിൽ അറസ്റ്റു ചെയ്തു. യു.കെയിലേക്കുള്ള വിമാനത്തിൽ യാത്രചെയ്യാനെത്തിയ ദിൽജോത് സിങ് എന്നയാളാണ് അറസ്റ്റിലായ മറ്റൊരാൾ. ദിൽജോത് സിങ്ങിന്റെ യാത്രാ രേഖകളിൽ സംശയം ഉയർന്ന ഉദ്യോഗസ്ഥർ വിമാനത്തിലേക്കുള്ള പ്രവേശനം തടയുകയും എയർലൈൻ ഉദ്യോഗസ്ഥരോട് കൂടുതൽ വ്യക്തത വരുത്താൻ നിർദേശിക്കുകയും ചെയ്തു.
എന്നാൽ, എയർലൈൻ സ്റ്റാഫിൽനിന്ന് സഹായം തേടുന്നതിനു പകരം ഇയാൾ എയർ ഇന്ത്യ ജീവനക്കാരെ സമീപിച്ചത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാസേന, വിമാനത്താവള അതോറിറ്റിയുടെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ ചെക്ക്-ഇൻ കൗണ്ടറിലെ ജീവനക്കാർ അസാധുവായ രേഖകൾ ഉപയോഗിച്ച് ദിൽജോത് സിങ് അടക്കം മൂന്ന് പേരുടെയും ബോർഡിങ് പ്രക്രിയ പൂർത്തിയാക്കിയതായി കണ്ടെത്തി. ഇതോടെ, ജീവനക്കാരായ രോഹൻ വർമ, മുഹമ്മദ് ജഹാംഗീർ, യാഷ്, അക്ഷയ് നാരംഗ് എന്നീ ഉദ്യോഗസ്ഥരെയും ദിൽജോത് സിങ്ങിനെയും വിമാനത്താവള സുരക്ഷവിഭാഗം ഡൽഹി പൊലീസിന് കൈമാറുകയും അവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഒരാഴ്ചമുമ്പ് ഇന്ത്യയിൽനിന്നുമുള്ള ചാർട്ടേഡ് വിമാനം മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ നാലുദിവസം തടഞ്ഞുവെക്കുകയും പിന്നീട് ഇവരെ മുംബൈയിൽ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.