യു.പിയിൽ ക്രിസ്ത്യൻ പ്രാർഥനായോഗം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ; മതപരിവർത്തനത്തിന് കേസ്
text_fieldsലഖ്‌നോ: വീട്ടിൽ ക്രിസ്ത്യൻ പ്രാർത്ഥനായോഗം നടത്തിയ അഞ്ചുപേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുശിനഗർ പൊലീസ് മതപരിവർത്തനത്തിന് കേസെടുത്തു. രാമചന്ദ്ര സാഹ്‌നി, കിമ്മു, സിക്കന്ദർ കുമാർ, ഹരേന്ദ്ര പ്രസാദ്, ഗുഡ്ഡി എന്നിവരാണ് പിടിയിലായത്.
ചന്ദ്രശേഖർ ആസാദ് നഗറിലെ തന്റെ വീട്ടിൽ രാമചന്ദ്ര സാഹ്‌നി പ്രാർത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. ഇത് പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനാണ് എന്നാരോപിച്ചാണ് കേസ്. ‘ചൊവ്വാഴ്‌ച വൈകീട്ട് സാഹ്‌നി തന്റെ വസതിയിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചതായി കപ്‌തംഗഞ്ചിലെ ഓംകാർ ശർമ്മ എന്നയാൾ യു ഹെൽപ്പ്‌ലൈനിൽ അറിയിച്ചു. മതപരിവർത്തനത്തിനായി പണം വാഗ്ദാനം ചെയ്തതായും പരാതിയുണ്ട്. വീട്ടിൽ ഒരു ഡസനിലധികം ഗ്രാമീണർ ഉണ്ടായിരുന്നു. അവർക്ക് ബുക്ക്‌ലെറ്റുകളും ലഘുലേഖകളും നൽകിയിട്ടുണ്ട്” -കപ്തംഗഞ്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വിനയ് കുമാർ സിങ് പറഞ്ഞു.
യു.പിയിലെ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇവർ മുമ്പും മറ്റ് ഗ്രാമീണരെ മതം മാറ്റാൻ നിർബന്ധിച്ചതായി പരാതി ലഭിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു.
ഉത്തർ പ്രദേശിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 91 പേരെയാണ് മതപരിവർത്തന നിരോധന നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിൽ 35 പേരും ബഹ്റൈച്ചിലാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.