അഞ്ച് നിയമസഭ തെരഞ്ഞെടുപ്പ്; ബി.ജെ.പി പ്രതീക്ഷ ഒന്നിൽ മാത്രം
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ നിലവിൽ ബി.ജെ.പി വിജയിക്കാമെന്ന പ്രതീക്ഷ പുലർത്തുന്നത് ഒരിടത്ത് മാത്രം. കോൺഗ്രസുമായി മത്സരം കടുത്ത മധ്യപ്രദേശിൽ നന്നായി പരിശ്രമിച്ചാൽ തുടർഭരണം ഉറപ്പാക്കാമെന്ന് വിലയിരുത്തിയ ബി.ജെ.പി രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോൺഗ്രസിനെ ഭരണത്തിൽ നിന്നിറക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലല്ല. തെലങ്കാനയിലും മിസോറമിലും ബി.ജെ.പിക്ക് സ്വന്തം നിലക്ക് കാര്യമായൊന്നും ചെയ്യാനുമില്ല. പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവർ പങ്കെടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ബി.ജെ.പിയുടെ ഈ വിലയിരുത്തൽ.
ത്രികോണ തന്ത്രവും ചൗഹാനും മധ്യപ്രദേശിൽ രക്ഷയാകുമെന്ന്
കമൽനാഥിന്റെ നേതൃത്വത്തിൽ പ്രചാരണം തുടങ്ങിയ കോൺഗ്രസിൽ നിന്ന് മധ്യപ്രദേശിലെ ശിവരാജ്സിങ് ചൗഹാൻ സർക്കാർ കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് തന്നെയാണ് പാർട്ടി വിലയിരുത്തൽ. ഇതിനെ മറികടക്കാൻ കോൺഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങളായ ഗോത്ര മേഖലകളിൽ ബി.എസ്.പി, ജയ് ആദിവാസി യുവ സംഘടൻ (ജെ.എ.വൈ.എസ്) പോലുള്ള സംഘടനകളുടെ സാന്നിധ്യം ഉറപ്പാക്കി ത്രികോണ മത്സരമാക്കാനുള്ള നീക്കം ബി.ജെ.പി നടത്തും.
മധ്യപ്രദേശിലെ 80 സീറ്റുകളിൽ മത്സരിക്കുമെന്ന് ജെ.എ.വൈ.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ചൗഹാൻ ഈയിടെ തുടങ്ങിയ ചില ക്ഷേമപദ്ധതികൾ കൂടി ഫലം ചെയ്താൽ മധ്യപ്രദേശിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെ തകർക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
രാജസ്ഥാനിൽ വസുന്ധര ഇല്ലാത്ത പ്രചാരണതന്ത്രം
മറുഭാഗത്ത് ക്ഷേമപദ്ധതികളിൽ ശിവരാജിനെ തോൽപിക്കുന്ന പ്രകടനമാണ് രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ടും ഛത്തിസ്ഗഢിൽ ഭൂപേഷ് ബാഘേലും കാഴ്ചവെച്ചത് എന്നതാണ് തങ്ങളെ കുഴക്കുന്നതെന്ന ബി.ജെ.പി നേതാക്കൾ തന്നെ സമ്മതിക്കുന്നു. ‘ചിരഞ്ജീവി’ അടക്കമുള്ള പദ്ധതികളിലൂടെ രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ട് നേടിയ ജനപ്രീതി ചർച്ച ചെയ്ത യോഗം രാജസ്ഥാനിൽ പ്രകടന പത്രികക്കും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും നിർദേശങ്ങൾ സമർപ്പിക്കാൻ രണ്ട് കമ്മിറ്റികളെ നിയോഗിച്ചു. രണ്ടിലും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഇല്ല. കേന്ദ്ര മന്ത്രി അർജുൻ മേഘ്വാൾ ആണ് പ്രകടന പത്രികക്കുള്ള കമ്മിറ്റിയെ നയിക്കുക. സ്ഥാനാർഥി നിർണയമടക്കമുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള 21 അംഗ കമ്മിറ്റിയെ മുൻ എം.പി നാരായൺ പഞ്ചാരിയ നയിക്കും.
ഛത്തിസ്ഗഢിൽ മണ്ഡലങ്ങളെ നാലാക്കി തിരിച്ചു
ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ തെരഞ്ഞെടുപ്പിൽ നേരിടാൻ ഛത്തിസ്ഗഢിൽ ബി.ജെ.പി നിയമസഭ മണ്ഡലങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ നാലാക്കി തരംതിരിച്ചു.
2018ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച മണ്ഡലങ്ങൾ ‘എ’യിലും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോൽക്കുകയും ജയിക്കുകയും ചെയ്ത മണ്ഡലങ്ങൾ ‘ബി’യിലും രണ്ട് തവണ തോറ്റ മണ്ഡലങ്ങൾ ‘സി’യിലും ഒരിക്കലും ജയിക്കാത്ത മണ്ഡലങ്ങൾ ‘ഡി’യിലും ഉൾപ്പെടുത്തി.
മണ്ഡലങ്ങളുടെ ഈ തരംതിരിവ് നോക്കിയാകും പ്രചാരണത്തിന്റെ ചുമതല ഏൽപിക്കുകയും നേതാക്കളെ ഇറക്കുകയും ചെയ്യുക. ഓരോ സീറ്റിനും യോജിച്ചത് ഏത് ജാതിക്കാരായ സ്ഥാനാർഥികളാണെന്ന് നോക്കും. പകുതി സീറ്റുകളെങ്കിലും പുതുമുഖങ്ങൾക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.