തമിഴ്നാട്ടിൽ വ്യാജ ചാരായം കഴിച്ച് അഞ്ച് മരണം
text_fieldsചെന്നൈ: വിഴുപ്പുറം ജില്ലയിലെ മരക്കാണം എക്കിയാർകുപ്പത്ത് വ്യാജ ചാരായം കഴിച്ച് ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ മരിച്ചു. 16 പേർ പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിത്സയിലാണ്. എക്കിയാർകുപ്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട രാജമൂർത്തി (60), ശങ്കർ (50), സുരേഷ് (62), ധരണിവേൽ (52), മലർവിഴി (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
മൂന്നുപേർ ശനിയാഴ്ച രാത്രിയും സ്ത്രീയുൾപ്പെടെ മറ്റു രണ്ടുപേർ ഞായറാഴ്ച രാവിലെയുമാണ് മരിച്ചത്. വ്യാജ ചാരായ വിൽപനയുമായി ബന്ധപ്പെട്ട് അമരൻ ഉൾപ്പെടെ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മദ്യനിരോധന വിഭാഗം പൊലീസിലെ ഇൻസ്പെക്ടർമാരായ വടിവേൽ അഴകൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതവും ചികിത്സയിൽ കഴിയുന്നവർക്ക് അരലക്ഷം രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
അനധികൃതമായി വാറ്റുചാരായം വിൽപന നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ റോഡ് തടയൽ സമരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.