സംഭലിൽ മസ്ജിദ് സർവേക്കിടെ വെടിവെപ്പിൽ മരണം അഞ്ചായി
text_fieldsലഖ്നോ: ഉത്തർ പ്രദേശ് സംഭലിൽ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിനും വെടിവെപ്പിനും ശേഷം പൊലീസ് വേട്ട. ചൊവ്വാഴ്ച വാർത്തസമ്മേളനം നടത്തി ഇറങ്ങുംവഴി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘർഷം അഴിച്ചുവിട്ടെന്ന് ആരോപിച്ച് ഒരേ സമുദായക്കാരായ 25 പേരെ അറസ്റ്റ് ചെയ്തു. സംഭലിൽനിന്നുള്ള സമാജ്വാദി പാർട്ടി എം.പി സിയാഉ റഹ്മാൻ ബർഖ്, പാർട്ടി എം.എൽ.എ ഇഖ്ബാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാൽ തുടങ്ങിയ ആറുപേർ ഉൾെപ്പടെ കണ്ടാലറിയാവുന്ന 2750 പേർക്കുമെതിരെ കേസെടുത്തു.
അതേസമയം, ഞായറാഴ്ചത്തെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഞായറാഴ്ച മരിച്ച നഈം, ബിലാൽ, നുഅ്മാൻ എന്നിവർക്കുപുറമെ അയാൻ, മുഹമ്മദ് കൈഫി എന്നീ രണ്ടുപേർ കൂടി മരണത്തിന് കീഴടങ്ങി. വെടിവെപ്പിൽ പരിക്കേറ്റ് 20ലേറെ പേർ ചികിത്സയിലാണ്. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പ്രാഥമികാന്വേഷണ റിപ്പോർട്ടുകൾ പൊലീസ് സമർപ്പിച്ചു. സംഭലിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളടക്കം മറ്റു നാട്ടുകാർക്ക് പ്രവേശനവും വിലക്കി. സംഭൽ താലൂക്കിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച സ്കൂളുകൾ പ്രവർത്തിച്ചില്ല. അക്രമ സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘർഷത്തിനുപിന്നിലെ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സർവിസ് തോക്കുകൾക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം റിവോൾവറുകളുപയോഗിച്ചും വെടിവെച്ചതായും പാർലമെന്റിന് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശാഹി ജമാ മസ്ജിദ് സർവേക്കെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മിലെ സംഘർഷത്തിനിടെ വെടിവെപ്പിലാണ് അഞ്ചു മരണം. നാടൻ തോക്കുപയോഗിച്ചുള്ള വെടിവെപ്പിലാണ് മരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി ഡിവിഷനൽ കമീഷണർ ഓഞ്ജനേയ കുമാർ സിങ് പറഞ്ഞു. മരണത്തിനിടയാക്കിയത് തങ്ങളല്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പൊലീസ് വെടിവെക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കോടതി ഉത്തരവിനെ തുടർന്ന് നവംബർ 19ന് മസ്ജിദിലെ ആദ്യ സർവേക്കു പിന്നാലെ സംഭൽ സംഘർഷഭരിതമായിരുന്നു. മസ്ജിദ് നിന്ന സ്ഥലത്ത് ഹരിഹര ക്ഷേത്രം ഉണ്ടായിരുന്നെന്നും 1529ൽ മുഗൾ ചക്രവർത്തി ബാബർ തകർത്തെന്നും ആരോപിച്ചുള്ള പരാതിയിലായിരുന്നു കോടതി സർവേക്ക് ഉത്തരവിട്ടത്. ഞായറാഴ്ച വീണ്ടും സർവേ ആരംഭിച്ചതോടെയാണ് മസ്ജിദിനു സമീപം തടിച്ചുകൂടിയവരും പൊലീസും തമ്മിൽ സംഘർഷം നിയന്ത്രണാതീതമായത്. അതേ സമയം വിഡിയോ, ഫോട്ടോകളുടെ സഹായത്തോടെ സർവേ പൂർത്തിയാക്കിയതായും റിപ്പോർട്ട് 29നകം സമർപ്പിക്കുമെന്നും ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.