ഇന്ത്യയിൽ ദിവസം അഞ്ച് കസ്റ്റഡി മരണം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം അഞ്ച് കസ്റ്റഡി മരണം നടക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ 2017നും ഫെബ്രുവരി 2018നും ഇടക്ക് നടന്ന കസ്റ്റഡി മരണങ്ങളും ജയിൽ പീഡനങ്ങളും പഠനവിധേയമാക്കി ഏഷ്യൻ മനുഷ്യാവകാശ കേന്ദ്രം (എ.സി.എച്ച്.ആർ) തയാറാക്കിയ റിപ്പോർട്ടിലാണ് ഇൗ വിവരം.
മാർച്ച് 14ന് കേന്ദ്രം രാജ്യസഭയിൽ നൽകിയ റിപ്പോർട്ടിൽ 1674 കസ്റ്റഡി മരണങ്ങളുണ്ടായതായി പറയുന്നുവെന്ന് എ.സി.എച്ച്.ആർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 1530 എണ്ണം ജുഡീഷ്യൽ കസ്റ്റഡിയിലും 144 എണ്ണം പൊലീസ് കസ്റ്റഡിയിലും സംഭവിച്ചതാണ്. അതോടൊപ്പം കസ്റ്റഡി മരണത്തിൽ അമ്പരപ്പിക്കുന്ന വർധനവാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്.
2001-2010 കാലയളവിൽ 14,231 പേർ(പ്രതിദിനം നാലുവീതം) കസ്റ്റഡിയിൽ മരിച്ചപ്പോൾ 2017-18 ആയപ്പോഴേക്കും പ്രതിദിനം അഞ്ചുപേർ വീതമായി മരണം.
കസ്റ്റഡി മരണം ഒഴിച്ചുനിർത്തിയാലും ഇന്ത്യയിലെ ജയിലുകളിൽനിന്ന് കേൾക്കുന്നത് ശുഭവാർത്തകളല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ബാഹുല്യം മൂലം ജയിലുകൾ വീർപ്പുമുട്ടുകയാണ്.
1401 ജയിലുകളാണ് രാജ്യത്തുള്ളത്. ഇതിൽ 149 എണ്ണത്തിൽ 200 ശതമാനത്തിലേറെയാണ് പ്രതികളുടെ എണ്ണം. തമിഴ്നാട്ടിലെ സത്യമംഗലം സബ്ജയിലിൽ 16പേരെ പാർപ്പിക്കാവുന്ന സ്ഥലത്ത് 200 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇത് ആ ജയിലിൽ ഉൾക്കൊള്ളാവുന്നതിെൻറ 1250 ശതമാനം അധികമാണ്.
മഹാരാഷ്ട്രയിലെ റോഹ സബ്ജയിലിൽ മൂന്നുപേരുടെ സ്ഥാനത്തുള്ളത് 35പേർ. സുപ്രീംകോടതി പല ഘട്ടങ്ങളിലും ഇതേപ്പറ്റി സർക്കാറുകൾക്ക് താക്കീത് നൽകിയിട്ടുണ്ടെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജയിലുകളിലെ തിരക്ക് കുറക്കുന്നതടക്കം കാര്യങ്ങളിൽ സ്വീകരിക്കാവുന്ന നടപടികൾ നിർദേശിച്ച് 2017 മാർച്ച് 31നകം പദ്ധതി സമർപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ ഒറ്റ സംസ്ഥാനങ്ങളും ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.