മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
text_fieldsമുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (നാല്), മരിയ സയ്യദ് (ഒൻപത്) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.
അവധി ആഘോഷിക്കാനെത്തിയ കുടുംബം ബുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങളിൽ ഒൻപത് പേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്നതായി കാണുന്നത്. ഇക്കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നിൽ വെള്ളം ഇരമ്പി വരുന്നതും കാണാം. ഇന്നലെ ഉച്ചക്ക് 12.30നാണ് സംഭവം. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. ഒഴുക്കിൽപ്പെട്ടവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. സമീപപ്രദേശത്ത് തന്നെയുള്ള കുടുംബമാണിതെന്നാണ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.