'അഞ്ച് വർഷത്തിനിടെ അഞ്ച് ലക്ഷം യുവാക്കൾ ആർ.എസ്.എസിലെത്തി; 2025ഓടെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യമറിയിക്കും'
text_fieldsന്യൂഡൽഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യമറിയിച്ച് 2025ൽ ശതവാര്‍ഷികം ആഘോഷിക്കാനൊരുങ്ങി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്).
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20-35 വയസ്സിനിടയിൽ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം യുവാക്കൾ ആർ.എസ്.എസിൽ ചേർന്നതായി സംഘടന അവകാശപ്പെട്ടു. ഇതോടെ രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലെയും സംഘടനാ പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കാൻ ഒരുങ്ങുകയാണ് ആർ.എസ്.എസ് നേതൃത്വം.
2017 മുതൽ 2021 വരെ ഓരോ വർഷവും 20-35 വയസ്സിനിടയിൽ പ്രായമുള്ള 1.25 ലക്ഷം യുവാക്കൾ ആർ.എസ്.എസ് വെബ്‌സൈറ്റിലെ ലിങ്ക് വഴി സംഘടനയിൽ അംഗത്വമെടുത്തു.
'ആർ.എസ്.എസിന് 100 വർഷം തികയുന്ന 2025ൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യം രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം യുവാക്കളാണ് രാജ്യത്തുടനീളം സംഘടനയിൽ ചേർന്നത്'-ആർ.എസ്.എസ് കാശി പ്രാന്ത് സഹകാര്യവാഹക് പ്രഫ. രാജ് ബിഹാരി പറഞ്ഞു. രാജ്യത്തെ മൊത്തം 2,303 നഗരങ്ങളിൽ 94 ശതമാനത്തിലും ആർ.എസ്.എസ് ശാഖകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘത്തിന് രാജ്യത്ത് 59,000 മണ്ഡലങ്ങളുണ്ട്, ഓരോന്നിനും 10 മുതൽ 12 വരെ ഗ്രാമങ്ങൾ ഉൾപ്പെടുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ മണ്ഡലങ്ങളിലും ശാഖകൾ സ്ഥാപിക്കാനും അടിത്തറ വികസിപ്പിക്കാനും ആർ.എസ്.എസ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമെന്നും ബിഹാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.