മണിപ്പൂർ സന്ദർശിച്ച് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം
text_fieldsചുരാചന്ദ്പൂർ/ഇംഫാൽ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂർ സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘം സന്ദർശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എം. സുന്ദരേഷ്, ജസ്റ്റിസ് വി.വിശ്വനാഥൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഘത്തിന്റെ ഭാഗമായിരുന്ന മെയ്തേയി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ. കോടിശ്വർ സിങ് കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂർ സന്ദർശിച്ചില്ല.അഭിഭാഷക സംഘടനയുടെ എതിർപ്പിനെത്തുടർന്നാണ്, ജസ്റ്റിസ് സിങ് ബിഷ്ണുപൂർ ജില്ലയിൽ യാത്ര അവസാനിപ്പിച്ചത്.
അതേ സമയം, മെയ്തേയി വിഭാഗത്തിലെ ജഡ്ജിക്കെതിരായ നിർദേശം പിൻവലിക്കണമെന്ന് ഓൾ മണിപ്പൂർ ബാർ അസോസിയേഷൻ (എ.എം.ബി.എ) ചുരാചന്ദ്പൂർ ജില്ല വിഭാഗത്തോട് ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തവർ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പുകളും ജഡ്ജിമാർ സന്ദർശിച്ചു. എല്ലാ പൗരന്മാർക്കും ഭരണഘടന തുല്യമായ അവകാശമാണ് ഉറപ്പുനൽകുന്നതെന്നും ഐക്യവും സമാധാനവും പുനഃസ്ഥാപിക്കാൻ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും ജസ്റ്റിസ് ഗവായി പറഞ്ഞു.
മണിപ്പൂരിലെ നിലവിലെ ദുഷ്‌കരമായ ഘട്ടം എക്സിക്യൂട്ടിവ്, നിയമസഭ, ജുഡീഷ്യറി എന്നിവയുടെ സഹായത്തോടെ അവസാനിക്കുമെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ സംസ്ഥാനവും അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ക്യാമ്പിൽ കഴിയുന്നവർക്കായി നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയുടെ രണ്ടര കോടി രൂപയുടെ സഹായവും അദ്ദേഹം കൈമാറി.
ഒന്നരക്കോടിയുടെ സഹായം അതോറിറ്റി നേരത്തെ അനുവദിച്ചിരുന്നു.
സംസ്ഥാനത്തുടനീളം 109 മെഡിക്കൽ ക്യാമ്പുകൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. സംഘർഷം മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർഥികൾക്ക് പഠന സൗകര്യം ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനങ്ങളും മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമ സേവന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, നിയമ സഹായ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ജഡ്ജിമാർ ഓൺലൈനായി നിർവഹിച്ചു. 41 അഭിഭാഷകർക്കുള്ള സനദ് ദാനവും ഐ.ഡി.പി വിദ്യാർഥികൾക്കുള്ള സ്റ്റേഷനറി സാധനങ്ങളും വിതരണവും അവർ നിർവഹിച്ചു. മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് ഗോൾമെയ് ഗൈഫുൽഷിലു എന്നിവരും സംഘത്തെ അനുഗമിച്ചു. നേരത്തെ ഇംഫാൽ വിമാനത്താവളത്തിലെത്തിയ ജഡ്ജിമാരുടെ സംഘത്തിന് അഭിഭാഷകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.