പുതുച്ചേരിയിൽ ബി.ജെ.പിയുടെ രണ്ട് പേരടക്കം അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsപുതുച്ചേരി: എൻ. രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസങ്ങൾക്ക് ശേഷം പുതുച്ചേരിയിൽ അഞ്ച് എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ രണ്ടുപേർ മന്ത്രിമാരായി.
മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകളായി നീണ്ടുനിന്ന എൻ.ആർ കോൺഗ്രസ് -ബി.ജെ.പി ചർച്ചകൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. മുൻ ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇതാദ്യമായാണ് ബി.ജെ.പി സർക്കാറിെൻറ ഭാഗമാകുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട് പാർട്ടിയിലേക്ക് ചേക്കേറിയ നമശിവായമാണ് ബി.ജെ.പിയുടെ ഒരു മന്ത്രി. സായ് ജെ. ശരവണൻ കുമാറാണ് രണ്ടാമത്തെയാൾ. കെ. ലക്ഷ്മിനാരായണൻ, സി. ജ്യേകുമാർ, ചന്ദിര പ്രിയങ്ക എന്നിവരാണ് എൻ.ആർ കോൺഗ്രസിൽ നിന്നുള്ള മന്ത്രിസഭാംഗങ്ങൾ. നാല് പതിറ്റാണ്ടിനിടെ പുതുച്ചേരിയിൽ നിന്നുള്ള ആദ്യ വനിത മന്ത്രിയായി മാറിയിരിക്കുകയാണ് ചന്ദിര.
ഗവർണർ തമിഴിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആറ് പേരാണ് മന്ത്രിസഭയിൽ അംഗങ്ങളായിരിക്കുക. ഒരുകൂട്ടം എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിലേക്ക് കൂടുമാറിയതോടെ പുതുച്ചേരിയിൽ കോൺഗ്രസിെൻറ വി. നാരായണസ്വാമി സർക്കാർ നിലംപൊത്തിയിരുന്നു.
മേയ് ഏഴിന് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഇരുപാർട്ടികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മന്ത്രിസഭ രൂപീകരണം നീളുകയായിരുന്നു. ബി.ജെ.പി ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ സ്പീക്കർ സ്ഥാനത്തിൽ തൃപ്തരായി. ജൂൺ 16ന് ആർ. സെൽവം സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
30 അംഗ പുതുച്ചേരി നിയമസഭയിൽ എൻ.ആർ കോൺഗ്രസ് 10 സീറ്റുകളിലാണ് വിജയിച്ചത്. ബി.ജെ.പി ആറ് സീറ്റുകൾ നേടി. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 15ൽ നിന്നും രണ്ടിലേക്ക് ഒതുങ്ങി. പക്ഷേ സഖ്യകക്ഷിയായ ഡി.എം.കെ ആറ് സീറ്റുകൾ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.