പാർലമെൻറിനെ മറികടന്ന് അഞ്ച് ഒാർഡിനൻസുമായി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: പാർലമെൻറിനെ മറികടന്ന് അടിക്കടി ഒാർഡിനൻസുമായി കേന്ദ്ര സർക്കാർ. നിരന്തര ബഹളംമൂലം ബജറ്റ് സമ്മേളനം പൂർണമായി മുടങ്ങിയതിനു പിന്നാലെ പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളോടെ അഞ്ച് ഒാർഡിനൻസുകളാണ് സർക്കാർ കൊണ്ടുവന്നത്. വിവാദം ഉയർത്തിയ മുത്തലാഖ് നിരോധന ഒാർഡിനൻസ് അടക്കം മറ്റു രണ്ടെണ്ണം പണിപ്പുരയിൽ.
- ക്രിമിനൽ നിയമ ഭേദഗതി ഒാർഡിനൻസ്: 12ൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥചെയ്യുന്ന നിയമനിർമാണമാണിത്. ചുരുങ്ങിയത് 20 വർഷം തടവ്. കഠ്വ ബലാത്സംഗക്കേസ് സർക്കാർ കൈകാര്യം ചെയ്ത രീതി കടുത്ത രോഷം ഉയർത്തിയപ്പോൾ, അതു മറികടക്കാൻ കണ്ടെത്തിയ ഉപായമാണ് ഇൗ ഒാർഡിനൻസ്.
- തട്ടിപ്പുകാരുടെ ആസ്തി കണ്ടുകെട്ടൽ ഒാർഡിനൻസ്: വിജയ് മല്യ, നീരവ് മോദിമാരെപ്പോലെ തട്ടിപ്പു നടത്തി ഇന്ത്യയിൽനിന്നു കടന്നുകളഞ്ഞാൽ വസ്തുവകകൾ പിടിച്ചെടുക്കാനാണ് വ്യവസ്ഥ. മല്യയും മോദിയും രാജ്യംവിട്ടത് സർക്കാറിെൻറ പിടിപ്പുകേടാണെന്ന വിമർശനം മറികടക്കാനാണ് ഇൗ ഒാർഡിനൻസ്.
- വാണിജ്യ കോടതി നിയമഭേദഗതി ഒാർഡിനൻസ്: മൂന്നു ലക്ഷം രൂപക്കു മുകളിലുള്ള വ്യവസായസംബന്ധമായ തർക്കങ്ങൾ വാണിജ്യ കോടതികൾ കേൾക്കുന്നതിനാണ് ഭേദഗതി. വ്യവസായ നടത്തിപ്പ് എളുപ്പമായ രാജ്യങ്ങൾ ഏതൊക്കെയെന്ന ലോകബാങ്കിെൻറ അടുത്ത വർഷത്തെ റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് ഉയർത്തിക്കിട്ടാൻ കണ്ടുപിടിച്ച മാർഗമാണ് ഇൗ അടിയന്തര നിയമഭേദഗതി. സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കേണ്ട വാണിജ്യ കോടതി എന്ന് പ്രാബല്യത്തിലാകുമെന്ന് അവ്യക്തം.
- പാപ്പരത്ത ചട്ട ഭേദഗതി ഒാർഡിനൻസ്: ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗം അംഗീകരിച്ച ഒാർഡിനൻസ് ഫ്ലാറ്റ് വാങ്ങുന്നവരെയും വായ്പ നൽകുന്നവരെയും ഉദ്ദേശിച്ചാണ്.
- നിർമാതാക്കൾ വീഴ്ചവരുത്തിയാൽ, മുടക്കിയ പണം വേഗത്തിൽ ഇൗടാക്കാനുള്ള വ്യവസ്ഥകളാണ് പ്രധാനം. റിയൽ എസ്േറ്ററ്റ് നിയമം 2016ൽ കൊണ്ടുവന്നെങ്കിലും, പണം മുടക്കിയവർക്ക് സമയബന്ധിതമായി ഫ്ലാറ്റ് കൈമാറിക്കിട്ടാത്ത സ്ഥിതി തുടരുന്നതിലുള്ള അമർഷം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിയമഭേദഗതി. പാപ്പരത്തപ്രശ്നം നേരിടുന്നവരിൽനിന്ന് വേഗത്തിൽ പണം തിരിച്ചുകിട്ടുന്നത് എങ്ങനെയെന്ന ചോദ്യം ബാക്കി.
- മണിപ്പൂരിൽ പ്രഥമ ദേശീയ കായിക സർവകലാശാല സ്ഥാപിക്കുന്ന ഒാർഡിനൻസിനും ബുധനാഴ്ച അംഗീകാരമായി. ഇതുസംബന്ധിച്ച ബില്ലിന് പാർലമെൻറിെൻറ അംഗീകാരം വൈകുന്ന സാഹചര്യത്തിലാണ് ഒാർഡിനൻസ്.
- മുത്തലാഖ് നിരോധന ഒാർഡിനൻസ്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഒാർഡിനൻസ് വൈകാതെ കൊണ്ടുവരും. ഇതുസംബന്ധിച്ച ബിൽ ആറു മാസം മുമ്പ് േലാക്സഭ അംഗീകരിച്ചെങ്കിലും പ്രതിപക്ഷ എതിർപ്പുമൂലം രാജ്യസഭയിൽ പാസായില്ല. മുത്തലാഖിന് മൂന്നുവർഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണം മോദിസർക്കാറിെൻറ രാഷ്ട്രീയ അജണ്ടയാണ്.
- പട്ടികവിഭാഗ പീഡന നിരോധന നിയമഭേദഗതി ഒാർഡിനൻസ്: പീഡന നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിയെക്കുറിച്ച് വലിയ വിമർശനമുണ്ട്.
- പിന്നാക്ക വിഭാഗ സംരക്ഷണത്തിന് പഴയ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാൻ പാർലമെൻറിൽ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് ആവശ്യം. പിന്നാക്കവിഭാഗ സംരക്ഷകരെന്ന ലേബൽ സമ്പാദിക്കാനാണ് തിരക്കിട്ട് ഒാർഡിനൻസിെൻറ മാർഗം സ്വീകരിക്കുന്നത്.
ഒാർഡിനൻസിെൻറ വഴി
അസാധാരണ ചുറ്റുപാടിൽ മാത്രമാണ് ഒാർഡിനൻസിെൻറ വഴി സ്വീകരിക്കേണ്ടത്. നിയമനിർമാണത്തിൽ പാർലമെൻറിനെ മറികടക്കുകയാണ് ഒാർഡിനൻസിലൂടെ ചെയ്യുന്നത്. മന്ത്രിസഭയുടെ ശിപാർശപ്രകാരം രാഷ്ട്രപതി ഒാർഡിനൻസിൽ ഒപ്പുവെക്കുന്നു. അവ തൊട്ടടുത്ത പാർലമെൻറ് സമ്മേളനത്തിൽ പാസാക്കണമെന്നാണ് ചട്ടം. എന്നാൽ, പിന്നാമ്പുറ നിയമനിർമാണമായാണ് ഒാർഡിനൻസിനെ കണക്കാക്കുന്നത്. ബജറ്റ് സമ്മേളന ബഹളത്തിൽ ചർച്ചപോലും കൂടാതെ പാർലമെൻറിൽ പാസാക്കിയ ബില്ലുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇപ്പോൾ ഒാർഡിനൻസുകളുടെ എണ്ണം. അടുത്ത സമ്മേളനത്തിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒാർഡിനൻസ് നിലനിൽക്കുകയുമില്ല. സർക്കാർ മുമ്പു കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര-പുനരധിവാസ ഒാർഡിനൻസ് നടപ്പായതുതന്നെയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.