കെജ്രിവാളിനെ കാണാൻ അനുമതി അഞ്ചുപേർക്ക്; പ്രമേഹ രോഗിയായതിനാൽ വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കും
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സന്ദർശിക്കാൻ അനുമതി അഞ്ചുപേർക്ക്. ഭാര്യ സുനിത, മക്കൾ, പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാർ, രാജ്യസഭ എം.പിയും ആപ് ദേശീയ ജനറൽ സെക്രട്ടറിയുമായ സന്ദീപ് പഥക് എന്നിവർക്കാണ് കോടതി സന്ദർശന അനുമതി നൽകിയത്.
കെജ്രിവാൾ അഭ്യർഥിച്ചതിനെ തുടർന്ന് ജയിലിൽ വായിക്കാൻ രാമായണവും ഭഗവദ് ഗീതയും ഉൾപ്പെടെ ഏതാനും പുസ്തകങ്ങളും കോടതി അനുവദിച്ചിരുന്നു. മരുന്നും കസേരയും മേശയും പേനയും നോട്ട്പാഡും നൽകിയിട്ടുണ്ട്. പ്രമേഹ രോഗിയായതിനാൽ ആരോഗ്യനില മെച്ചപ്പെടുന്നതുവരെ വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിക്കും. വാർത്തയുൾപ്പെടെ 24 ചാനലുകളുള്ള ടി.വി കാണാനാകും. സെല്ലിനു പുറത്ത് നാലു സുരക്ഷ ഉദ്യോഗസ്ഥരുടെ കാവലുണ്ടാകും. കൂടാതെ, 24 മണിക്കൂർ സി.സി.ടി.വി നിരീക്ഷണവും.
ഇ.ഡി കസ്റ്റഡി അവസാനിച്ചതിന് ശേഷം രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കെജ്രിവാളിനെ തിങ്കളാഴ്ച വൈകീട്ടാണ് തിഹാർ ജയിലിൽ എത്തിച്ചത്. തുടർന്ന് ജയിൽ റെക്കോഡിലെ രജിസ്ട്രേഷനായി ഫോട്ടോ എടുത്ത ശേഷം 670ാം നമ്പർ വിചാരണത്തടവുകാരനായി രണ്ടാം നമ്പർ ജയിലിനകത്തെ മൂന്നാം നമ്പർ വാർഡാണ് അനുവദിച്ചത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആപ് നേതാവ് സഞ്ജയ് സിങ്, ഗുണ്ടാ നേതാക്കളെ ജയിലിൽ സഹായിച്ചതിന് അറസ്റ്റിലായ രണ്ട് ജയിൽ ജീവനക്കാർ എന്നിവരെ അഞ്ചാം നമ്പർ ജയിലിലേക്ക് മാറ്റിയിരുന്നു. മദ്യനയക്കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ നേരിടുന്ന ആപ് മുൻ മന്ത്രി സത്യേന്ദർ ജയിൻ ഏഴാം നമ്പർ ജയിലിലുമുണ്ട്.
ഇതിനു മുമ്പും കെജ്രിവാൾ രണ്ടുതവണ തിഹാർ ജയിലിൽ തടവുകാരനായി എത്തിയിരുന്നു. ബി.ജെ.പി നേതാവ് നിതിൻ ഗഡ്കരിക്കെതിരായ അപകീർത്തി കേസിൽ 10,000 രൂപ ജാമ്യത്തുക കെട്ടിവെക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014ൽ രണ്ടുദിവസം വിചാരണത്തടവുകാരനായിരുന്നു. 2012ൽ ലോക്പാൽ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് ഏഴ് ദിവസവും കെജ്രിവാൾ ഇതേ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
രാജിവെക്കരുതെന്ന് കെജ്രിവാളിനോട് ആപ് എം.എൽ.എമാർ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയുമായി ചർച്ച നടത്തി. ഡൽഹിയിലെ രണ്ട് കോടി ജനങ്ങളുടെ പിന്തുണ മുഖ്യമന്ത്രി കെജ്രിവാളിനുണ്ടെന്നും രാജിവെക്കരുതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് പാർട്ടി എം.എൽ.എമാർ ചൊവ്വാഴ്ച സുനിതയെ സന്ദർശിച്ചത്. എത്രകാലം കെജ്രിവാൾ ജയിലിൽ തുടർന്നാലും മുഖ്യമന്ത്രിപദവി രാജിവെക്കേണ്ടതില്ല. ജയിലിൽനിന്ന് ഭരിച്ചാൽ മതിയെന്നും എം.എൽ.എമാർ സുനിതയെ അറിയിച്ചു. കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.