സൽമാൻ ഖാന്‍റെ വസതിക്ക് നേരെ നടന്ന വെടിവെപ്പിൽ അഞ്ചു പേർ കസ്റ്റഡിയിൽ; കസ്റ്റഡിയിലായത് ഷൂട്ടർ വിക്കി ഗുപ്തയുടെ അടുത്ത സുഹൃത്തുക്കൾ
text_fieldsമുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ നടന്ന വെടിവെപ്പിൽ അഞ്ചുപേർ കസ്റ്റഡിയിൽ. ഷൂട്ടർ വിക്കി ഗുപ്തയുടെ അടുത്ത സുഹൃത്തുകളാണ് പിടിയിലായതെന്ന് മുംബൈ പൊലീസ് വൃത്തങ്ങൾ പറയുന്നു. ബിഹാറിലെ ബെട്ടിയ ജില്ലയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രിയാണ് ഗുവാനാഹ ഗ്രാമത്തിലെ മസാഹി ഏരിയയിൽ മുംബൈ ക്രൈംബ്രാഞ്ച് സംഘം എത്തിയത്. വിക്കിയുടെ പിതാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ളവർ അക്രമികൾക്ക് വാഹനവും സഹായവും നൽകിയെന്നാണ് പൊലീസ് നിഗമനം. അതേസമയം, ഗുജറാത്തിലെ താപി നദിയിൽ നിന്ന് പ്രതികൾ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിരുന്നു.
ഏപ്രിൽ 14ന് പുലർച്ചെ 5 മണിയോടെയാണ് സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെയാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തു. സംഭവ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നു. ചുവരിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിർമിത തോക്കാണ് അക്രമികൾ ഉപയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വെടിവെപ്പിന് പിന്നിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിവെപ്പ് നടത്തിയവരിലൊരാൾ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളി ഹരിയാന സ്വദേശി വിശാലാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, വിശാലിനൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ഏറ്റെടുത്തിരുന്നു. അൻമോൽ ബിഷ്‌ണോയ് എന്ന ഐ.ഡിയിൽ നിന്നുവന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. സൽമാൻ ഖാന് ബിഷ്‌ണോയ് സംഘത്തിന്‍റെ ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.