സംഘർഷം അവസാനിക്കാതെ മണിപ്പൂർ: ജിരിബാമിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
text_fieldsഇംഫാൽ: മാസങ്ങളായി സംഘർഷം തുടരുന്ന മണിപ്പൂരിൽ ജിരിബാം മേഖലയിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിനുശേഷം ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള കുന്നുകളിൽ മെയ്തേയ്-കുക്കി സമുദായങ്ങളിലെ സായുധരായ ആളുകൾ തമ്മിൽ വെടിവെപ്പുണ്ടാവുകയായിരുന്നു.
വെടിവെപ്പിൽ ആയുധധാരികളായ നാല് പേരും ഉറങ്ങുന്നതിനിടെ ഒരാളും കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ചു കിലോമീറ്റർ അകലെ ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചിരുന്നയാളെ തീവ്രവാദികൾ ഉറക്കത്തിൽ വെടിവെച്ച് കൊല്ലുകയായിരുന്നു.
ആദിവാസി സംഘടനയായ തദ്ദേശീയ ഗോത്ര സംരക്ഷണ സമിതി (ഫെർസാൾ, ജിരിബാം) സംഭവത്തിൽ പങ്കില്ലെന്ന് അറിയിച്ചു. ആഗസ്റ്റ് ഒന്നിന് മെയ്തേയ്-കുക്കികളും അടക്കം വിവിധ സമുദായ പ്രതിനിധികൾ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും സംഘർഷം തടയുന്നതിനും ധാരണയിലെത്തിയിട്ടും പുതിയ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചത് സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം മേയ് മുതൽ നടക്കുന്ന വംശീയ അക്രമത്തിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.